തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു
തിരുവനന്തപുരം വിഴിഞ്ഞത്ത് സഹോദരങ്ങൾ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ ആണ് മരിച്ചത്. സഹോദരങ്ങളായ അച്ചു എസ് ബാബു, സൂര്യജിത്ത് അനന്ദു എന്നിവരാണ് സുമനെ മർദിച്ച് കൊലപ്പെടുത്തിയത്. ബാറിലുണ്ടായ തർക്കമാണ് ക്രൂര മർദനത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഇന്നലെ രാത്രി 12:45 ന് ആണ് സംഘർഷം നടന്നത്. സുമനെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.വിഷു ആഘോഷവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച രാത്രി 11 ഓടെ ഇവർ ബാറിലെത്തിയിരുന്നതായിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ ഇവർ പരസ്പരം തർക്കത്തിലായി. തുടർന്ന് ബാറിന് പുറത്തിറങ്ങിയശേഷം യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സുമനെ ക്രൂരമായി ഇരുവരും മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അബോധാവസ്ഥയിലായ യുവാവിനെ റോഡിലിട്ട് ചവിട്ടുകയും മുഖത്ത് ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സുമനെ ചവിട്ടിയും കഴുത്തിന് ഇടിച്ചുമാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.സംഭവം അറിഞ്ഞ് വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ സുമനെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ഫോർട്ട് പൊലീസ് അസി. കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംഭവസ്ഥലത്ത് നിന്ന് ഇരുചക്ര വാഹനത്തിൽ കടന്ന പ്രതികളെ അത് സാഹസികമായാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം പയറ്റുവിളയിൽ നിന്ന് രാത്രി രണ്ടരയോടെയാണ് പ്രതികളെ പിടിച്ചത്. വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


