March 23, 2026

അഞ്ചുപേർക്ക് പുതുജീവൻ നൽകി കുഞ്ഞു ആലിൻ മടങ്ങി; സംസ്കാരം നാളെ മല്ലപ്പള്ളിയിൽ​

  • February 14, 2026
  • 0 min read
അഞ്ചുപേർക്ക് പുതുജീവൻ നൽകി കുഞ്ഞു ആലിൻ മടങ്ങി; സംസ്കാരം നാളെ മല്ലപ്പള്ളിയിൽ​

മല്ലപ്പള്ളി: മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടർന്ന് അഞ്ചുപേർക്ക് അവയവങ്ങൾ ദാനം ചെയ്ത പത്തുമാസം പ്രായമായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം നാളെ നടക്കും. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സി.എസ്.ഐ. ചർച്ചിൽ നാളെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.​കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാളെ രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിന് മസ്തിഷ്ക മരണം സംഭവിച്ചത്. തന്റെ വിയോഗത്തിലും അഞ്ചുപേർക്ക് ജീവന്റെ വെളിച്ചം പകർന്നു നൽകിയാണ് ഈ കുരുന്നുമാലാഖ യാത്രയാകുന്നത്.​അവയവമാറ്റ ശസ്ത്രക്രിയകൾ പൂർത്തിയായി​ആലിന്റെ അവയവങ്ങൾ സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ആലിന്റെ കരൾ ആറുമാസം പ്രായമുള്ള കുഞ്ഞിന് വെച്ചുപിടിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവായി ഈ കുഞ്ഞ് മാറി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകൾ നൽകിയത്. ഇന്ന് രാവിലെയോടെ ഈ ശസ്ത്രക്രിയയും പൂർത്തിയായി.​ആലിന്റെ നേത്രപടലങ്ങളും ഹൃദയവാൽവും ദാനം ചെയ്തിട്ടുണ്ട്. ഹൃദയവാൽവ് നിലവിൽ എസ്.ഐ.ടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനുയോജ്യരായ സ്വീകർത്താക്കളെ കണ്ടെത്തുന്ന മുറയ്ക്ക് ഇവ കൈമാറും. നേത്രപടലങ്ങൾ അമൃത ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് രണ്ട് പേർക്കായി നൽകാനാണ് തീരുമാനം.​എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മൂന്ന് മണിക്കൂർ കൊണ്ട് അവയവങ്ങൾ എത്തിച്ച ദൗത്യം കേരളം ഒന്നടങ്കം നെഞ്ചേറ്റിയിരുന്നു. പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് ആംബുലൻസ് ഡ്രൈവർ ജയനീഷ് ഈ ചരിത്ര ദൗത്യം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *