ഒഴിവുകൾ ഒട്ടേറെ, പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടക്കുന്നില്ലെന്നു പരാതി

കണ്ണൂർ: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുകൾ ഒട്ടേറെയുണ്ടായിട്ടും പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടക്കുന്നില്ലെന്നു പരാതി.ആവശ്യത്തിനു നഴ്സുമാർ ഇല്ലാത്തതിനാൽ ആശുപത്രികളിൽ രോഗികൾക്ക് കൃത്യമായ പരിചരണം നൽകാൻ കഴിയുന്നില്ലെന്ന പരാതികൾ ഉയരുമ്പോഴും നിയമനം നടക്കുന്നില്ലെന്നാണ് സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ പറയുന്നത്. 2024 നവംബറിലാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 217 പേരുള്ള പട്ടികയിൽ 31 പേർക്കാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്. നിയമനം ലഭിച്ചത് 27 പേർക്കും. ഭിന്നശേഷിക്കാർക്കുള്ള 4 ഒഴിവിൽ ഇതുവരെ നിയമനം നടന്നിട്ടില്ല. മറ്റു ജില്ലകളിലെല്ലാം നിയമനം വേഗത്തിൽ നടക്കുമ്പോൾ ജില്ലയിൽ ആമ ഇഴയും പോലെയാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.തിരുവനന്തപുരം 56, കൊല്ലം 64, ആലപ്പുഴ 84, കോട്ടയം 68, പത്തനംതിട്ട 34, എറണാകുളം 40, ഇടുക്കി 28, തൃശൂർ 63, പാലക്കാട് 23, മലപ്പുറം 48, കോഴിക്കോട് 68, കാസർകോട് 10 എന്നിങ്ങനെയാണ് നിയമനം നടന്നത്. എന്നാൽ സർക്കാർ ആശുപത്രികൾ കൂടുതലുള്ള ജില്ലയിൽ 27 പേർക്കു മാത്രമാണു നിയമനം ലഭിച്ചത്. സർക്കാർ ആശുപത്രികളിൽ വിവിധ ചികിത്സാ വിഭാഗങ്ങളുടെ എണ്ണം കൂടിയിട്ടും നഴ്സുമാരുടെ തസ്തികകൾ ആനുപാതികമായി അനുവദിച്ചിട്ടില്ല. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ 9 നിലയിൽ പുതിയ കെട്ടിടം നിർമിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം തുടങ്ങിയിട്ടില്ല.ഇവിടേക്ക് 28 നഴ്സുമാരെ നിയമിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസിൽനിന്നു ശുപാർശ പോയെങ്കിലും 10 എണ്ണമാണ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിൽനിന്ന് സർക്കാരിലേക്ക് ശുപാർശ പോയത്.


