February 11, 2026

നാളെ ദേശീയ പണിമുടക്ക്; കേരളം പൂര്‍ണമായി സ്തംഭിക്കും.

  • February 11, 2026
  • 1 min read

നാളെ ദേശീയ പണിമുടക്ക്; കേരളം പൂര്‍ണമായി സ്തംഭിക്കും.📡

തിരുവനന്തപുരം ∙ നാളെ നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍നിന്ന് ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ഷോപ്പിങ് മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ പണിമുടക്കും. വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ പൂര്‍ണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. മോട്ടോര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12 ന് പണി നിര്‍ത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്നു‌ ഭാരവാഹികള്‍ പറഞ്ഞു. ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം – വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികൾ, പ്രസ് ജീവനക്കാര്‍, സ്‌കീം വര്‍ക്കര്‍മാര്‍, നിര്‍മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികൾ പണിമുടക്കും. ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല – പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്‌നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *