മോഷണശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം- ക്ഷേത്രങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതിന് പിന്നാലെ കാട്ടാക്കട ജംഗ്ഷനിലെ മുടിപ്പുര ക്ഷേത്രത്തിനോട് ചേര്‍ന്ന കെട്ടിടത്തില്‍ കവര്‍ച്ചാശ്രമം. കെട്ടിടത്തിന്റെ പിന്നിലെ ഭിത്തി കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുരന്ന നിലയിലാണ്. ക്ഷേത്ര വളപ്പിലെ ഊട്ടുപുരയ്ക്കും, ഭജന പുരയ്ക്കും ഉള്ളില്‍ കടന്നായിരുന്നു കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണശ്രമം നടന്നത്. ക്ഷേത്ര ജീവനക്കാരനെ കണ്ടതോടെ കള്ളന്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ജീവനക്കാര്‍ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതായി കാട്ടാക്കട പോലീസ് അറിയിച്ചു.
ജ്വല്ലറിയും, ഫാന്‍സി സ്റ്റോറും ചേര്‍ന്നിരിക്കുന്ന ഭിത്തിയാണ് തുരന്നത്. ഒരടിയോളം പൊക്കത്തില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുരന്ന നിലയിലാണ് കണ്ടത് . എന്നാല്‍ മോഷണശ്രമമാണോയെന്ന് പറയാനാവില്ലെന്ന് പോലീസ് പറഞ്ഞു. സമീപത്തെ സിസിടിവികളില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ നഗരത്തിലും പരിസരങ്ങളിലുമായി മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടന്നിരുന്നു. ഇവയുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ സംഭവം പോലീസിന് തലവേദനയാകുന്നത്.
