മകന്റെ മരണം നൽകിയ മുറിവുണങ്ങും മുൻപേ മകളയെയും വിധി കവർന്നു

മകന്റെ മരണം നൽകിയ മുറിവുണങ്ങും മുൻപേ മകളും മടങ്ങി. ആ കുടുംബത്തിന്റെ കണ്ണീർ ആർക്ക് തുടയ്ക്കാനാകും…ഇരിട്ടി: കണ്ണീരുണങ്ങാത്ത ഒരു വീടിന്റെ തീരാവേദനയായി മുബഷീറയും യാത്രയായി. മാസങ്ങൾക്ക് മുൻപ് സഹോദരനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് മുന്നിലേക്ക് വിധി വീണ്ടും ദുരന്തമെത്തിയപ്പോൾ നാടാകെ വിങ്ങുകയാണ്. ഇരിട്ടിയിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ മുബഷീറ (24) കുഴഞ്ഞുവീണ് മരണപ്പെട്ട വാർത്ത നടുക്കത്തോടെയാണ് ഏവരും കേട്ടത്..എന്നാൽ ഈ മരണത്തെ കൂടുതൽ വേദനാജനകമാക്കുന്നത് ആ കുടുംബത്തെ വേട്ടയാടുന്ന വിധിയുടെ ക്രൂരതയാണ്. വെറും മാസങ്ങൾക്ക് മുൻപ്, 2025 നവംബർ 10ന് ആയിരുന്നു മുബഷീറയുടെ സഹോദരനായ അബൂത്വാഹിർ (21) സമാനമായ രീതിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്. 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകന്റെ അപ്രതീക്ഷിത മരണം നൽകിയ മുറിവിൽ നിന്നും ആ മാതാപിതാക്കൾ ഇന്നും കരകയറിയിട്ടില്ല. ആ വലിയ മുറിവ് ഉണങ്ങുന്നതിന് മുൻപേയാണ് ഏക മകളെയും ആ കുടുംബത്തിന് നഷ്ടമാകുന്നത്..മൂന്ന് മക്കളിൽ രണ്ട് പേരെയും മാസങ്ങളുടെ വ്യത്യാസത്തിൽ ഒരേ രീതിയിൽ മരണം കവർന്നപ്പോൾ ആ വീട്ടിൽ ബാക്കിയാകുന്നത് ശൂന്യതയും, വിങ്ങുന്ന ഓർമ്മകളും മാത്രമാണ്. തന്റെ ഒന്നര വയസ്സുകാരി മകളെയും പ്രിയപ്പെട്ടവരെയും തനിച്ചാക്കിയാണ് മുബഷീറയുടെ മടക്കം. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ കണ്ണീർവാർക്കുകയാണ്…
