March 29, 2026

നഴ്‌സായ മകള്‍ മാതാപിതാക്കളെ മരുന്ന് കുത്തിവച്ച് കൊന്നു

  • February 2, 2026
  • 0 min read
      നഴ്‌സായ മകള്‍ മാതാപിതാക്കളെ മരുന്ന് കുത്തിവച്ച് കൊന്നു

ഹൈദരാബാദ്: തന്റെ സ്‌നേഹത്തിന് വിഘാതമായ അച്ഛനെയും അമ്മയെയും വലിയ തോതില്‍ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി നഴ്‌സായ 20വയസ്സുകാരി. തെലങ്കാനയിലെ വികാരാബാദിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്സായ നക്കല സുരേഖ (20)യാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്.

ഈ മാസം 25നാണ് യാചാരം പ്രദേശത്തെ വീട്ടില്‍ ദമ്പതികളായ എന്‍. ദശരഥം (58), ഭാര്യ ലക്ഷ്മി (54) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കര്‍ഷകനായ ദശരഥം ആത്മഹത്യ ചെയ്തതാണെന്നും ഇതിന്റെ ആഘാതത്തില്‍ ഭാര്യ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ വിവരം. എന്നാല്‍ പിന്നീട് സംഭവസ്ഥലത്ത് നടത്തിയ പരിശോധനയില്‍ രക്തം പുരണ്ട സിറിഞ്ച് കണ്ടെത്തിയത് പൊലീസില്‍ സംശയം ജനിപ്പിച്ചു.മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാ?ഗമായി ദമ്പതികളുടെ മക്കളെ പൊലീസ് ചോദ്യം ചെയ്തു. ഇളയ മകളായ സുരേഖയുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.ജനുവരി 24ന് രാത്രിയാണ് താന്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ച സുരേഖ, അതിനു പിന്നിലെ കാരണവും രീതിയും വിശദീകരിച്ചു. മാതാപിതാക്കള്‍ തന്റെ പ്രണയത്തെ അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇരുവരെയും കൊല്ലാന്‍ തീരുമാനിച്ചതെന്ന് മകള്‍ പറഞ്ഞു. ഇതിനായി സുരേഖ താന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്ന് മരുന്ന് മോഷ്ടിക്കുകയായിരുന്നു.ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളുടെ പേശികള്‍ക്ക് അയവ് വരുത്താന്‍ ഉപയോഗിക്കുന്ന മരുന്നാണ് മോഷ്ടിച്ചത്. തുടര്‍ന്ന് ഉയര്‍ന്ന ഡോസില്‍ അച്ഛനും അമ്മയ്ക്കും കുത്തിവയ്ക്കുകയായിരുന്നു. ഇതിനായി നാല് കുപ്പി മരുന്നാണ് സുരേഖ ആശുപത്രിയില്‍ നിന്ന് കവര്‍ന്നതെന്ന് ധരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിഎച്ച് രഘുരാമുലു പറഞ്ഞു.

അത്താഴത്തിന് ശേഷം, വിശ്രമിക്കാന്‍ മരുന്ന് നല്‍കാമെന്ന വ്യാജേനയാണ് സുരേഖ മാതാപിതാക്കള്‍ക്ക് ജീവന് ഭീഷണിയാവുന്ന തോതില്‍ മരുന്ന് കുത്തിവച്ചത്. കുറ്റകൃത്യത്തിന് ശേഷം സുരേഖ അവധിയെടുത്ത് വികാരാബാദ് ജില്ലയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായി പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് കണ്ടെത്തിയ മരുന്നിന്റെ സീരിയല്‍ നമ്പര്‍ ആശുപത്രി രേഖകളുമായി ഒത്തുനോക്കിയപ്പോള്‍, പ്രതി ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ മരുന്നുകളില്‍ പെട്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.പ്രണയബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് കുറച്ചുനാളായി സുരേഖയുടെ വീട്ടില്‍ കലഹം പതിവായിരുന്നെന്നും വീട്ടില്‍നിന്നും വഴക്കിടുന്ന ശബ്ദം പതിവായി കേള്‍ക്കുമായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു. അതേസമയം, സുരേഖയുടെ ആണ്‍സുഹൃത്തിന് കൃത്യത്തില്‍ പങ്കില്ലെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *