March 27, 2026

സ്വതന്ത്ര വ്യാപാരകരാർ അന്തിമഘട്ടത്തിലെന്ന്

  • January 22, 2026
  • 1 min read

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ഉടൻ യാഥാർഥ്യമാകുമെന്ന് സൂചന. ചൊവ്വാഴ്ച സ്വിറ്റ്സർലന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) നാലിലൊന്ന് വിഹിതം കൈയ്യാളുന്ന ഈ കരാറിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകദേശം 200 കോടി ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കൂറ്റൻ വിപണിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ആഗോള വിതരണ ശൃംഖലയെ പുനർനിർമ്മിക്കാനും വ്യാപാര ബന്ധങ്ങളിലെ അപകടസാധ്യതകൾ കുറയ്ക്കാനും ശേഷിയുള്ളതാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഈ ചരിത്രപരമായ ഉടമ്പടി. ചൈനയോടുള്ള അമിത ആശ്രിതത്വം കുറയ്ക്കാനും വിശ്വസ്തരായ പങ്കാളികളുമായി സഹകരിക്കാനും ലക്ഷ്യമിടുന്ന യൂറോപ്യൻ യൂണിയനെ സംബന്ധിച്ചിടത്തോളം ഇന്ത്യ സുപ്രധാന പങ്കാളിയാണ്. കയറ്റുമതി വർധിപ്പിക്കാനും ഉൽപ്പാദന ശൃംഖലയിൽ മുൻനിരയിലെത്താനും ഇന്ത്യയ്ക്ക് ഈ കരാർ സഹായകമാകും. ക്ലീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ കരാർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.2007-ൽ കാരാറിനെ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും നടപ്പാക്കുന്നതിൽ തടസം നേരിടുകയായിരുന്നു. നിലവിൽ ഇന്ത്യ- യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ വഴി നിർണായക സാങ്കേതികവിദ്യകളിലും വിതരണ ശൃംഖലകളിലും ഇരു വിഭാഗവും സഹകരണം ഉറപ്പാക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *