March 27, 2026

അന്താരാഷ്ട്ര നാടകോത്സവത്തിന് യവനിക ഉയരാന്‍ ഇനി നാല് നാള്‍ മാത്രം

  • January 21, 2026
  • 1 min read

:*രംഗശില്പമൊരുക്കല്‍ അന്തിമഘട്ടത്തിൽ

കേരള സംഗീത നാടക അക്കാദമി ജനുവരി 25 മുതല്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് യവനിക ഉയരാന്‍ ഇനി നാല് നാള്‍ മാത്രം. ഇതിനു മുന്നോടിയായി മാസങ്ങള്‍ക്ക് മുന്‍പേ അക്കാദമിയുടെ കോമ്പൗണ്ടില്‍ രാപ്പകല്‍ ഭേദമില്ലാതെ ഇറ്റ്‌ഫോക്കിന്റെ പിന്നണി പ്രവര്‍ത്തകര്‍ രംഗശില്പമമൊരുക്കുന്ന തിരക്കിലാണ്. ഇത്തവണ ഇറ്റ്‌ഫോക്കില്‍ അരങ്ങേറുന്ന 23 നാടകങ്ങളില്‍ മൂന്ന് നാടകങ്ങള്‍ക്ക് വളരെ ബൃഹത്തായ രംഗസജ്ജീകരണമാണ് ആവശ്യമുള്ളത്. ഇതില്‍ അര്‍മേനിയയില്‍ നിന്നുള്ള നാടകമായ ഡംപ്ലിങ്ങിന് പുരാതന ബാല്‍ക്കണി മാതൃകയിലുള്ള രംഗശില്പമാണ് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശില്‍ നിന്നുള്ള നാടകമായ അഗര്‍ബത്തിക്ക്‌ ഫാക്ടറിയുടെയും വീടിന്റെയും മാതൃകയിലുള്ള സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ രംഗശില്പമാണ് ആവശ്യമായിരിക്കുന്നത്. ആസ്സാമില്‍ നിന്നുള്ള നാടകമായ ഖുലാങ് ബുര്‍ഹിക്ക്‌ ഗോത്രസംസ്‌കൃതിയുടെ ആഴം അടയാളപ്പെടുന്ന മുളകൊണ്ടുള്ള നിര്‍മ്മിതികളും തനത് സാമഗ്രികളുമാണ് രംഗശില്പമായി ഒരുക്കിയിട്ടുള്ളത്. രംഗശില്പനിര്‍മ്മിതിയിലെ കരവിരുതും സാങ്കേതിക-സര്‍ഗ്ഗാത്മക വൈഭവവും ഒരേപോലെ ആവശ്യമുള്ള ഇത്തരം ബൃഹത്തായ രംഗശില്പ നിര്‍മ്മിതി സാധ്യമാകുന്നത് സാങ്കേതിക പ്രവര്‍ത്തകരും മരപ്പണിക്കാരും വെല്‍ഡിങ്ങ് തൊഴിലാളികളും ഒരേ മനസ്സോടെ അണിനിരക്കുന്നുകൊണ്ട് മാത്രമാണെന്ന് ഇറ്റ്‌ഫോക് രംഗശില്പി ആര്‍ട്ടിസ്റ്റ് സുജാതന്‍ സാക്ഷ്യപ്പെടുത്തുന്നു. നാടകത്തില്‍ അഭിനേതാക്കള്‍ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രതന്നെ പ്രധാനപ്പെട്ടതാണ് രംഗശില്പങ്ങളും രംഗോപകരണങ്ങളും. അതിനാല്‍ അത് ഒരുക്കുന്നതിന് സൂക്ഷ്മതയും ശ്രദ്ധയും അത്യാവശ്യമാണ്.ആസ്സാമിസ് നാടകമായ ഖുലാങ് ബുര്‍ഹിക്ക്‌ ആവശ്യമായ പ്രത്യേക തരത്തിലുള്ള മുളയും മറ്റ് തനത് ഗോത്ര നാടന്‍ വസ്തുകളും കണ്ടെത്തുന്നതിന് വളരെ ബുദ്ധിമുട്ടിയെന്ന് ഇറ്റ്‌ഫോക് ടെക്‌നിക്കല്‍ ഡയരക്ടര്‍ രജി പ്രസാദ് പറഞ്ഞു. *ആദ്യ വിദേശ നാടകസംഘം നാളെ എത്തും* കേരള സംഗീത നാടക അക്കാദമി ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ നാടകം അവതരിപ്പിക്കുന്ന വിദേശനാടക സംഘങ്ങള്‍ നാളെ (ജനുവരി 23) മുതല്‍ അക്കാദമിയില്‍ എത്തി തുടങ്ങും. ആദ്യദിനം നാടകം അവതരിപ്പിക്കുന്ന ഡെന്‍മാര്‍ക്കില്‍ നിന്നുള്ള റോമിയോ ആന്റ് ജൂലിയറ്റ് എന്ന നാടകത്തിന്റെ അണിയറപ്രവര്‍ത്തകരാണ് നാളെ എത്തുന്നത്. ഒന്‍പത് വിദേശ നാടകസംഘങ്ങള്‍ അടക്കം 23 നാടകസംഘങ്ങളാണ് ഇത്തവണ ഇറ്റ്‌ഫോക്കിന് എത്തുന്നത് *ഫോട്ടോ അടിക്കുറിപ്പ് ;* (1)ഇറ്റ്‌ഫോക്കിന് ഒരുക്കിയ രംഗശില്പങ്ങള്‍2)ആര്‍ട്ടിസ്റ്റ് സുജാതന്‍ രംഗശില്പമൊരുക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു

Leave a Reply

Your email address will not be published. Required fields are marked *