അറബിക്കടലില്‍ വെള്ളം തിളച്ചുമറിയുന്നു

ഗുജറാത്ത് തീരത്തോടു ചേർന്നുള്ള അറബിക്കടലിൽ കടൽവെള്ളം അസാധാരണമാംവിധം തിളച്ചുപൊന്തുന്നതായി റിപ്പോർട്ട്. കടൽവെള്ളം പ്രക്ഷുബ്ധമാകുകയും വലിയ രീതിയിൽ നുരയും കുമിളകളും ഉയരുകയും ചെയ്യുന്ന ദുരൂഹ പ്രതിഭാസമാണ് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ അധികൃതർക്ക് കൈമാറി. വെള്ളം തിളയ്ക്കുന്നതിന് സമാനമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രതിഭാസം ശ്രദ്ധയിൽപ്പെട്ട പൽഘർ ജില്ലാ ദുരന്ത നിവാരണ വിഭാഗം വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി. സംഭവം അസാധാരണമാണെന്നും ഇതിന്റെ കാരണങ്ങൾ കണ്ടെത്താൻ ഉടൻ വിദഗ്ദ്ധ പരിശോധന നടത്തുമെന്നും ദുരന്ത നിവാരണ വിഭാഗം മേധാവി വിവേകാനന്ദ കദം അറിയിച്ചു. കടലിനടിയിലെ അഗ്നിപർവ്വത പ്രവർത്തനങ്ങളോ ഗ്യാസ് പൈപ്പ്‌ലൈനുകളിലെ ചോർച്ചയോ ആണോ ഇതിന് പിന്നിലെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.

