വന്‍ മനുഷ്യക്കടത്ത് തിരിച്ചറിഞ്ഞത് മലയാളി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയം

ജോലികഴിഞ്ഞ് വിവേക് എക്സ്പ്രസ്സിന്റെ ബോഗികളിലൂടെയുള്ള ആ ആ മടക്കം കേവലം മടക്കയാത്രയായിരുന്നില്ല, അത് ഒരു നിയോഗമായിരുന്നു. ഭുവനേശ്വറില്‍ നിന്ന് കേരളത്തിലേക്ക്, കേസന്വേഷണം കഴിഞ്ഞ് ക്ഷീണിച്ചു മടങ്ങുകയായിരുന്ന ആ മൂന്ന് മലയാളി പോലീസ് ഉദ്യോഗസ്ഥര്‍. ഡ്യൂട്ടി കഴിഞ്ഞു, ഇനി വിശ്രമം എന്ന് കരുതി കണ്ണടച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ആ 21 ബാല്യങ്ങള്‍ എവിടെയെങ്കിലും അടിമപ്പണിക്കാരായോ, ഇരുട്ടറകളിലോ അവസാനിച്ചേനെ. പക്ഷേ, അവര്‍ ഉറങ്ങിയില്ല. അവരുടെ ഉള്ളിലെ ‘പോലീസുകാരന്‍’ ഉണര്‍ന്നിരിക്കുകയായിരുന്നു. തങ്ങളുടെ സീറ്റിന് സമീപം 10-നും 14-നും ഇടയില്‍ പ്രായം തോന്നിക്കുന്ന കുറച്ചു കുട്ടികള്‍. അവരുടെ കണ്ണുകളില്‍ വല്ലാത്തൊരു അങ്കലാപ്പ്. ഭക്ഷണം കഴിക്കാന്‍ നേരമായപ്പോള്‍ ആ കുട്ടികള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ചിലവാക്കുന്നു. അതോടെ കൂടെ മാതാപിതാക്കളില്ല എന്ന് ബോധ്യപ്പെട്ടു. ആ കാഴ്ചയാണ് എറണാകുളം റൂറല്‍ ജില്ലയിലെ സി.പി.ഒമാരായ ടി.എസ് സുബീഷ്, കെ.എം മജീഷ്, പി.എസ് സുജിത്ത് ലാല്‍ എന്നിവരുടെ ഉള്ളില്‍ സംശയത്തിന്റെ തീപ്പൊരിയിട്ടത്.
അവര്‍ വെറുതെ നോക്കി ഇരുന്നില്ല. നേരെ പോയി ആ കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ബീഹാറില്‍ നിന്നും വരുന്നവരാണ്. സ്‌കൂളില്‍ പോകാറില്ല. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളില്‍ കുട്ടികള്‍ പതറി. ഭയപ്പെടുത്തുന്ന മറ്റൊരു സത്യം കൂടി അവര്‍ പറഞ്ഞു; ‘ഞങ്ങള്‍ മാത്രമല്ല, മറ്റു ബോഗികളിലായി ഇനിയുമുണ്ട് കുട്ടികള്‍. ഞങ്ങളെ നോക്കാന്‍ വേറെ രണ്ടുപേരുണ്ട്. അതൊരു മനുഷ്യക്കടത്തിന്റെ സൂചനയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കുട്ടികളുടെയും, കൂടെയുണ്ടെന്ന് സംശയിക്കുന്നവരുടെയും ഫോട്ടോകള്‍ രഹസ്യമായി പകര്‍ത്തി. എറണാകുളം റൂറല്‍ ജില്ലയിലെ എസ്.എസ്.ബി സബ് ഇന്‍സ്‌പെക്ടര്‍ ഷാനിന് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറി. വാട്സാപ്പിലൂടെ വിവരങ്ങള്‍ പാഞ്ഞു. പാലക്കാട് സ്റ്റേഷനില്‍ ട്രെയിന്‍ എത്തുമ്പോള്‍, വലവിരിച്ച് കാത്തുനില്‍ക്കുകയായിരുന്നു പാലക്കാട് എസ്.എസ്.ബി ഉദ്യോഗസ്ഥര്‍. പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വ്യക്തമായ രേഖകളില്ലാതെ, എങ്ങോട്ടെന്നില്ലാത്ത യാത്രയ്ക്ക് കൊണ്ടുവന്ന 21 കുട്ടികള്‍! മൊഴികളില്‍ അവ്യക്തത, രേഖകളില്‍ കൃത്രിമം. മൊത്തത്തില്‍ നിഗൂഢത. കുട്ടികളെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി സുരക്ഷിതരാക്കി. ഒരുപക്ഷേ ആ മൂന്ന് പോലീസുകാര്‍, ‘ഇത് നമ്മുടെ ഡ്യൂട്ടി സമയമല്ലല്ലോ’ എന്ന് കരുതി ആ കാഴ്ച അവഗണിച്ചിരുന്നെങ്കില്‍ ആ കുട്ടികള്‍ക്ക് അവരുടെ ജീവിതം തന്നെ നഷ്ടമായേനെ.


