ഇന്ന് മകരസംക്രമ പൂജ, ശബരിമലയിൽ കർശന നിയന്ത്രണങ്ങൾ

ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി; ഇന്ന് മകരസംക്രമ പൂജ, കർശന നിയന്ത്രണങ്ങൾ
പത്തനംതിട്ട* : ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകൾ സന്നിധാനത്ത് പൂർത്തിയായി. ഇന്ന് വൈകിട്ട് 2.45ന് ക്ഷേത്രനട തുറന്ന് 3.08നാണ് മകരസംക്രമ പൂജ നടക്കുക. ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് കർശനമായ തീർത്ഥാടക നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.വെർച്വൽ ക്യൂ സംവിധാനത്തിലൂടെ 30,000 പേരെയും സ്പോട്ട് ബുക്കിംഗിലൂടെ 5,000 പേരെയും മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. മകരവിളക്ക് ദർശനത്തിനായി ഒന്നരലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് അധികൃതരുടെ കണക്ക്.ഇന്ന് രാവിലെ 10 മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും, 11 മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും ഭക്തരെ കടത്തിവിടില്ല. മുൻകൂട്ടി പാസ് അനുവദിച്ചവർക്കു മാത്രമാണ് പ്രവേശനം. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന പൂർത്തിയായ ശേഷം മാത്രമേ ഭക്തരെ വീണ്ടും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ.തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. തുടർന്ന് 6.15ന് കൊടിമരച്ചുവട്ടിൽ സ്വീകരണം നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് തിരുവാഭരണം സ്വീകരിച്ച് ശ്രീകോവിലിലേക്ക് കൊണ്ടുപോകും. 6.30ന് നടയടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തും.നട വീണ്ടും തുറക്കുന്ന വേളയിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുകയും ആകാശത്ത് മകരസംക്രമ നക്ഷത്രം പ്രത്യക്ഷപ്പെടുകയും ചെയ്യും. 17 വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയുടെ ദർശനം അനുവദിക്കും. നെയ്യഭിഷേകം 18 വരെ തുടരും.18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതിയും നടക്കും. അതേ ദിവസം രാത്രി നടയടയ്ക്കുന്നതുവരെ ഭക്തർക്ക് ദർശനം നടത്താം. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം ക്ഷേത്രനട അടയ്ക്കും.

