March 26, 2026

ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി ലിതാരയുടെ കുടുംബം പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയില്‍

  • January 14, 2026
  • 0 min read

പഴയ വീട് പൊളിച്ച് പുതിയത് നിര്‍മ്മിക്കാന്‍ 16 ലക്ഷം രൂപ ബാങ്കില്‍ നിന്ന് ലിതാര കടമെടുത്തത്. ലിതാരയുടെ മരണത്തോടെ തിരിച്ചടവ് മുടങ്ങി.

?കോഴിക്കോട്: രാജ്യത്തിനായി പന്തുതട്ടിയ മകള്‍ മടങ്ങിവരുമെന്ന് കരുതിയ വീട്ടുമുറ്റത്ത് ഇന്ന് മരണത്തിന്റെ നിശബ്ദത, ജപ്തി നോട്ടീസും മാത്രം. ദുരൂഹ സാഹചര്യത്തില്‍ ബിഹാറില്‍ മരിച്ച മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി ലിതാരയുടെ കുടുംബം ഇന്ന് ആരുമില്ലാത്ത അവസ്ഥയില്‍ പെരുവഴിയിലേക്ക് ഇറങ്ങേണ്ട ഗതികേടിലാണ്. ലിതാര എടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് വീട് ലേലത്തിന് വെച്ചിരിക്കുകയാണ് ബാങ്ക് അധികൃതര്‍. പഴയ വീട് പൊളിച്ച് പുതിയത് നിര്‍മ്മിക്കാന്‍ 16 ലക്ഷം രൂപ ബാങ്കില്‍ നിന്ന് ലിതാര കടമെടുത്തത്. ലിതാരയുടെ മരണത്തോടെ തിരിച്ചടവ് മുടങ്ങി.. ജോലി ലഭിച്ചപ്പോള്‍ തന്റെ മാതാപിതാക്കള്‍ക്ക് അടച്ചുറപ്പുള്ള ഒരു വീട് നല്‍കണമെന്ന ആഗ്രഹത്തിലാണ് പഴയ വീട് പൊളിച്ച് ലിതാര പുതിയ വീട് പണി തുടങ്ങിയത്. ഇതിനായി ബാങ്കില്‍ നിന്നും 16 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ വിധി ലിതാരയെ തട്ടിയെടുത്തതോടെ ആ വീടിന്റെ നിര്‍മ്മാണവും, സ്വപ്നങ്ങളും വഴിമുട്ടി. കൂലിപ്പണിക്കാരനായ അച്ഛന്‍ കരുണന് ലഭിക്കുന്ന തുച്ഛമായ വരുമാനം, അര്‍ബുദ ബാധിതയായ അമ്മ ലളിതയുടെ ചികിത്സയ്ക്ക് പോലും തികയുന്നില്ല. ഇതിനിടയിലാണ് ഇരുട്ടടിയായി 22 ലക്ഷം രൂപയോളം കുടിശ്ശിക അടയ്ക്കണമെന്ന് കാണിച്ച് ബാങ്കിന്റെ ജപ്തി നടപടികള്‍ എത്തിയത്.
തന്റെ കോച്ചില്‍ നിന്നും ശാരീരികവും, മാനസികവുമായ ഉപദ്രവങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ലിതാര മരണത്തിന് മുന്‍പ് സുഹൃത്തുക്കളോടും, തന്റെ വീട്ടുകാരോടും പറഞ്ഞിരുന്നു. മകളുടെ മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും റിപ്പോര്‍ട്ടോ, അവളുടെ ഫോണോ, ആഭരണങ്ങളോ പോലും ഈ മാതാപിതാക്കള്‍ക്ക് ലഭിച്ചിട്ടില്ല. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ കിടപ്പാടം കൂടി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഈ കുടുംബം. കാന്‍സര്‍ ബാധിതയായ അമ്മയും, പ്രായാധിക്യമുള്ള അച്ഛനും ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപെടാന്‍ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്. നാടിന് അഭിമാനമാകേണ്ടിയിരുന്ന ഒരു കായികതാരത്തിന്റെ മാതാപിതാക്കളെ പെരുവഴിയില്‍ ഇറക്കാതിരിക്കാന്‍ ഇനിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *