March 25, 2026

ഓടികൊണ്ടിരുന്ന ലോറിയുടെ മുന്‍വശത്തെ ടയര്‍ ഊരിത്തെറിച്ച് കടകളില്‍ നാശനഷ്ടങ്ങള്‍

  • January 13, 2026
  • 0 min read

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം. തിരുവനന്തപുരം കരമന, കളിയിക്കാവിള പാതയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.ടാര്‍ കയറ്റിവന്ന ലോറിയുടെ മുന്‍വശത്തെ ടയര്‍ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ കടയിലെ ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്ന് ടാര്‍ കയറ്റി പേരൂര്‍ക്കട വഴയില ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ മുന്നിലെ ഇടതുവശത്തെ ടയറാണ് വന്‍ ശബ്ദത്തോടെ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയത്.ആദ്യം ഷോപ്പിലേക്ക് പാഞ്ഞുകയറിയ ടയര്‍ ഉള്ളില്‍ തട്ടി വീണ്ടും പുറത്തുവന്ന് സമീപത്തെ കടയിലേക്ക് കയറുകയായിരുന്നു. സമീപത്തെ സ്റ്റുഡിയോയ്ക്കും, ഫൈനാന്‍സ് സ്ഥാപനത്തിനും നാശനഷ്ടമുണ്ടായി. കടകളുടെ മുന്‍വശത്തെ ഗ്ലാസ് ഡോറുകള്‍ തകര്‍ത്താണ് ടയര്‍ കടകള്‍ക്കുള്ളിലേക്ക് കയറിയത്.സ്റ്റുഡിയോയിലെ വിലപിടിപ്പുള്ള ക്യാമറകള്‍, പ്രിന്ററുകള്‍ എന്നിവ ഉള്‍പ്പെടെ നശിച്ചെന്നാണ് വിവരം. 8 ലക്ഷത്തോളം രൂപയുടെ നഷ്ടം പറയപ്പെടുന്നു. സ്റ്റുഡിയോ ജീവനക്കാരി ശ്രീലക്ഷ്മിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നേമം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. സമീപം വഴി നടന്ന വയോധികന്റെ കാലിനും നിസാരപരുക്കേറ്റു. കടയുടെ മുന്നില്‍ നിര്‍ത്തിയിരുന്ന ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്‌കൂട്ടറും തകര്‍ന്നു. ഇവിടെ മുന്‍വശത്തെ ബോര്‍ഡും, ഗ്ലാസും തകര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *