മരണം വരെ പാര്‍ട്ടിക്കാരന്‍ അഡ്വ.ബി.എന്‍.ഹസ്‌കര്‍

ഇടതു നിരീക്ഷകന്‍ എന്ന പദവി രാജിവെക്കുകയാണെന്ന തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത് ആക്ഷേപം കലര്‍ന്ന ഹാസ്യമെന്നും അഡ്വ.ബി.എന്‍.ഹസ്‌കര്‍. ചാനല്‍ ചര്‍ച്ചകളും, രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കാണുന്നത്. ആ അധ്വാനത്തെ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ആക്ഷേപിക്കുന്നത് ശരിയല്ല. നിരീക്ഷകര്‍ പാര്‍ട്ടിക്ക് പുറത്താണോ, അകത്താണോ, ഏത് ഘടകത്തിലാണ് എന്ന വി. വസീഫിന്റെ ചോദ്യം അരാഷ്ട്രീയമാണ്. ശ്വാസം നിലയ്ക്കും വരെ പാര്‍ട്ടിക്കാരനായിരിക്കുമെന്നും അഡ്വ. ബി.എന്‍.ഹസ്‌കര്‍ വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെയും, വെള്ളാപ്പള്ളി നടേശനെയും വിമര്‍ശിച്ചതിന് സിപിഎം ഹസ്‌കറിന് താക്കീത് നല്‍കിയിരുന്നു.
പാര്‍ട്ടി ശാസനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ പരിഹാസവുമായി ഹസ്‌ക്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘ഇടത് നിരീക്ഷകന്‍’ എന്ന സ്ഥാനം രാജിവെച്ചു. തന്റെ സുരക്ഷയ്ക്കായി പാര്‍ട്ടി നല്‍കിയിരുന്ന ‘ഗണ്‍മാനെ’ തിരിച്ചേല്‍പ്പിച്ചു, ശാസന കേട്ടതോടെ താന്‍ വല്ലാതെ ‘പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നുമായിരുന്നു പരിഹാസം. രാഷ്ട്രീയ നിരീക്ഷണ രംഗത്ത് നിന്ന് പിന്‍മാറില്ലെന്നും ഹസ്‌കര്‍.

