January 2, 2026

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു

  • January 2, 2026
  • 0 min read
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു

ആലപ്പുഴ :ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ആശുപത്രിയിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറും. കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല വിഷയം ആരോഗ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ ആഭ്യന്തര അന്വേഷണം തുടങ്ങിയെങ്കിലും മരിച്ച രോഗികളുടെ കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. മരിച്ച മജീദിന്റെയും രാമചന്ദ്രന്റെയും കുടുംബം ഉടൻ പരാതി നൽകുമെന്നാണ് സൂചന. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്‍റർ അടച്ചിട്ട സാഹചര്യത്തിൽ രോഗികൾക്ക് മാവേലിക്കര താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഡയാലിസിസിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ച രാമചന്ദ്രന് ഡയാലിസിസ് ചെയ്യുന്നതിന് മുൻപ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നപ്പോൾ വിറയൽ ഉണ്ടായി, രക്തം ഛ‍ർദ്ദിച്ചു. ആശുപത്രിയിൽ നിന്ന് വേണ്ട പരിഗണന കിട്ടിയില്ല. ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത് വൈകീട്ട് കുടുംബം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ്. എന്നാല്‍ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ഐസിയു ഒഴിവില്ലായിരുന്നു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഗുരുതരാവസ്ഥയിൽ ഹരിപ്പാട് ആശുപത്രിയിൽ നിന്ന് വണ്ടാനത്തേക്ക് റഫർ ചെയ്തത് ഐസിയുവില്‍ ഒഴിവുണ്ടോ എന്ന് പോലും നോക്കാതെയാണ് എന്നും ബന്ധുക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *