കഴിഞ്ഞ വര്‍ഷം 166 കടുവകള്‍ ചത്തു :60 ശതമാനം വർധനവ്: കടുവകളുടെ മരണനിരക്ക് ഉയരുന്നു.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍ടിസിഎ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 166 കടുവകളാണ് ചത്തത്. 2024ല്‍ 124 കടുവകളാണ് ചത്തത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ പോയ വര്‍ഷം 40 കടുവകള്‍ അധികം ചത്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ കടുവകളുടെ ജനസംഖ്യയുടെ ഏകദേശം നാലില്‍ മൂന്ന് ഭാഗവും വസിക്കുന്നത് ഇന്ത്യയിലാണ്.മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ (55) ചത്തത്. മഹാരാഷ്ട്രയില്‍ 38, കേരളത്തില്‍ 13, അസമില്‍ 12 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനത്തെ കണക്കുകള്‍. രാജ്യവ്യാപകമായുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ചത്തതില്‍ 31 എണ്ണം കടുവ കുഞ്ഞുങ്ങളാണ്. സ്ഥലപരിമിതി മൂലമുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളാണ് കടുവകളുടെ മരണനിരക്ക് ഉയരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് വന്യജീവി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും ചില വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.മധ്യപ്രദേശില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവാണ് ഉണ്ടായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ കടുവകളുടെ എണ്ണം 2014ല്‍ 308 ആയിരുന്നു. ഇത് 2018-ല്‍ 526 ആയി ഉയര്‍ന്നു. 2022ല്‍ അത് 785 ആയി വര്‍ദ്ധിക്കുകയും ചെയ്തു. 2014-നെ അപേക്ഷിച്ച് ഏകദേശം 60 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.




