നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗത മന്ത്രിക്ക് കത്തയച്ചു
കൊല്ലം മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചു. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണം എന്നും കത്തിൽ ആവശ്യപ്പെട്ടു.കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. കൊട്ടിയത്തിന് സമീപം മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു. മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അപകട സ്ഥലത്ത് ഉയരത്തിലാണ് ആറുവരിപ്പാത കടന്നുപോകുന്നത്. മണ്ണിട്ടുയർത്തി നിർമാണം നടക്കുന്നതിനാൽ ഇരുഭാഗത്തെയും സർവീസ് റോഡുകൾ വഴിയായിരുന്നു ഇവിടെ ഗതാഗതം. തിരുവനന്തപുരം ഭാഗത്തേക്കുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നതോടെ സർവീസ് റോഡിൽ വലിയ വിള്ളലുകൾ ഉണ്ടാവുകയായിരുന്നു. സർവീസ് റോഡ് തകർന്നതോടെ ഗതാഗതം ഒരു വശത്തുകൂടി മാത്രമാണ് നടക്കുന്നത്. സ്ഥലത്ത് വലിയ ഗതാഗതക്കുരുക്കുണ്ടായി. മാസങ്ങൾക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് കൊട്ടിയത്തും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു..




