തിരുവനന്തപുരം–കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ: തമിഴ്നാട് ഭാഗം പൂർത്തിയായി; കേരള ഭാഗത്ത് പ്രവൃത്തി വേഗത്തിൽ
തിരുവനന്തപുരം–കന്യാകുമാരി 86.56 കിലോമീറ്റർ ദൂരമുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയിൽ പ്രധാന മുന്നേറ്റം. തമിഴ്നാട് ഭാഗമായ 19.26 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്‌തിരിക്കുന്നു. കേരളത്തിലെ ശേഷിക്കുന്ന ഭാഗത്തും നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.അതോടൊപ്പം മൂന്നാമത്തെ ലൈനിനായുള്ള സർവേയും ഈ റൂട്ടിൽ ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു വരും ചരക്കുഗതാഗത ആവശ്യങ്ങൾക്കും, അതിവേഗം വികസിച്ചു വരുന്ന തിരുവനന്തപുരം നഗരത്തിന്റെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമാണ് ഈ പദ്ധതികൾക്ക് ഊർജ്ജം നൽകുന്നത്.മൊത്തം 500 കോടി രൂപയുടെ ട്രിവാൻഡ്രം സെൻട്രൽ സ്റ്റേഷൻ നവീകരണ പദ്ധതി, ട്രിവാൻഡ്രം നോർത്ത് ടെർമിനൽ, ബാലരാമപുരത്തെ പുതിയ റെയിൽ കാർഗോ ടെർമിനൽ, നെയ്യാറ്റിൻകര സ്റ്റേഷന്റെ വികസനം, 2026-ൽ നിർമ്മാണം ആരംഭിക്കുന്ന വിഴിഞ്ഞം റെയിൽ ലൈൻ, ശബരി റെയിൽ എക്സ്റ്റെൻഷൻ എന്നിവയൊക്കെ അടുത്ത വർഷങ്ങളിൽ യാഥാർത്ഥ്യമാകുമ്പോൾ, ദക്ഷിണ ഇന്ത്യയിലെ പ്രധാന റെയിൽ ഇൻഫ്രാ ഹബായി തിരുവനന്തപുരം ഉയരുമെന്ന് ഉറപ്പാണ്.




