കാട്ടുപന്നി കുറുകെ ചാടി; കാർ അപകടത്തിൽപെട്ടു
ഒലവക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് കാവിൽപാട് ബൈപാസ് റോഡിൽ കാർ അപകടത്തിൽപെട്ടു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. കാറിടിച്ച കാട്ടുപന്നി സംഭവസ്ഥലത്തുവച്ച് മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നെങ്കിലും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.അപകടത്തിൽപ്പെട്ടത് ഒറ്റപ്പാലം സ്വദേശി ദീപേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ്. മറ്റൊരാളാണ് കാർ ഓടിച്ചിരുന്നത്. ഒറ്റപ്പാലത്തു നിന്ന് ഒലവക്കോട്ടേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. കാവിൽപാട് ബൈപാസിലെത്തിയപ്പോൾ റോഡരികിൽ നിന്ന കാട്ടുപന്നി പെട്ടെന്ന് കുറുകെ ചാടുകയായിരുന്നു.പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം കൂടിവരികയാണെന്ന് നാട്ടുകാർ പറയുന്നു. പരാതികൾ നൽകിയിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്നതാണ് അവരുടെ ആക്ഷേപം.ഇത് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ കാട്ടുപന്നി അപകടമാണ്. കഴിഞ്ഞ ശനിയാഴ്ച കൊടുമ്പ് കല്ലിങ്കൽ കനാൽപാലത്തിനു സമീപം കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു പാടത്തേക്കു മറിഞ്ഞ് മൂന്നു യുവാക്കൾ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.




