കാരണമില്ലാതെ ക്രൂരമായി മർദ്ദിച്ചു :കിളിമാനൂർ എസ്എച്ച്ഒക്കെതിരെ പരാതിയുമായി സ്വകാര്യ ബസ് ഡ്രൈവർ
കിളിമാനൂർ :കാരണമില്ലാതെ സ്വകാര്യ ബസിൽനിന്നു പിടിച്ചിറക്കി സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി ഡ്രൈവർ കിളിമാനൂർ പോലീസിനെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകി. എസ്എച്ച്ഒ ബി. ജയന്റെ നേതൃത്വത്തിലായിരുന്നു മർദിച്ചതെന്നും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തന്നെ എസ്എച്ച്ഒ ഇടപെട്ടതോടെ ആശുപത്രിയിൽനിന്നു വിട്ടയച്ചതായും പരാതിയിൽ പറയുന്നു.കിളിമാനൂർ പുതിയകാവ് അഞ്ജു ഭവനിൽ വി. അർജുൻ(28) ആണ് പരാതിക്കാരൻ. കഴിഞ്ഞ മാസം 18-നാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കിളിമാനൂർ-പോങ്ങനാട്-കല്ലമ്പലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അർജുൻ. ഉച്ചയ്ക്ക് 1.20-ന് കിളിമാനൂർ ടൗണിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് ബസ് കയറവേ എതിരേവന്ന പോലീസ് വാഹനം ബസിനു കുറുകേയിട്ട് തന്നെ അസഭ്യം പറയുകയായിരുന്നുവെന്ന് അർജുൻ ആരോപിച്ചു.തെറിവിളിച്ചതിന്റെ കാര്യമെന്തെന്നു ചോദിച്ചതോടെ വാഹനം നിർത്തിയിറങ്ങിയ പോലീസ് ബസിനുള്ളിൽ കയറി തന്നെ ബലമായി പിടിച്ചിറക്കി ജീപ്പിൽ കയറ്റി മർദിച്ചു. നിലവിളിച്ചതോടെ വായിൽ ടവ്വൽ തിരികിക്കയറ്റി. തുടർന്ന് സ്റ്റേഷനിലെത്തിച്ചും ക്രൂരമായി മർദിച്ചു. ജാമ്യത്തിൽ വിട്ടയച്ചശേഷം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജാശുപത്രിയിലും ചികിത്സതേടി. തുടർന്ന് സമീപത്തെ ഗവ. ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തുടരാനായി റഫർ ചെയ്തു. തുടർന്ന് കല്ലറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അവിടെ ചികിത്സയിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ തമ്മിലുണ്ടായ “ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ പേരിൽ, താനും കൂട്ടുകാരും മദ്യപിച്ച് ബഹളംവെച്ചതായി ആരോപിച്ച് എസ്എച്ച് ഒയുടെ ഇടപെടലിൽ ഡ്യൂട്ടി ഡോക്ടർ തന്റെ ആരോഗ്യനില പരിശോധിക്കുകപോലും ചെയ്യാതെ വിട്ടയക്കുകയായിരുന്നെന്നും അർജുൻ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്ന് കിളിമാനൂർ എസ്എച്ച്ഒ ബി.ജയൻ പറഞ്ഞു. അലക്ഷ്യമായും, അപകടകരമായും സ്വകാര്യ ബസ് ഓടിക്കുന്നതായുള്ള പരാതിയിൽ നടന്ന പരിശോധനയിലാണ് ബസ് അമിതവേഗതയിൽ ഓടിച്ചുകയറുന്നത് കണ്ടത്. ഇതിൽ താക്കീതു നൽകുന്നതിനിടെയുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് സ്റ്റേഷനിൽ കൊണ്ടുപോകവേ ഇയാൾ ബഹളം വയ്ക്കുകയായിരുന്നെന്നും എസ്എച്ച്ഒ പറഞ്ഞു.”



