നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ; കേരള യൂണിവേഴ്സിറ്റി ക്യാമ്പസിൽ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത്
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ വിവാദങ്ങളിൽ നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ. യൂണിവേഴ്സിറ്റി ക്യാമ്പസിൽ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ കെ എസ് അനിൽകുമാറിന് വി സി കത്തയച്ചു. ഓഫീസ് കൈകാര്യം ചെയ്താൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗത്തിൽ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അനിൽകുമാറിന്റെ സസ്പെൻഷൻ തുടരുകയാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അനധികൃതമായി ഓഫീസ് കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതായും കത്തിൽ പറയുന്നു. ആവർത്തിച്ചാൽ കടുത്ത നടപടിക്ക് വിധേയനാകേണ്ടി വരുമെന്നും വിസി അനിൽ കുമാറിന് താക്കീത് നൽകിയിട്ടുണ്ട്.ഇതിനിടെ കേരള യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ നടത്തിയ സമരത്തിനെതിരെ വൈസ് ചാൻസലർ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. സർവ്വകലാശാല വളപ്പിനും മന്ദിരത്തിനും നാശനഷ്ടം ഉണ്ടായിയെന്നും അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം ഉപയോഗിച്ചതാണ് നിലവിലെ വിവാദങ്ങളുടെ തുടക്കം. ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഗവർണർ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.

