March 24, 2026

പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ അധ്യാപികയ്ക്ക് മുന്‍കൂര്‍ജാമ്യം

  • July 5, 2025
  • 0 min read
പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ അധ്യാപികയ്ക്ക്  മുന്‍കൂര്‍ജാമ്യം

തിരുവനന്തപുരം∙ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ കിളിമാനൂര്‍ രാജാ രവിവര്‍മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി.ആര്‍. ചന്ദ്രലേഖയ്ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. അധ്യാപിക തിങ്കളാഴ്ച രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണം. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ പാടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അനുമതി കൂടാതെ സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. അധ്യാപികയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം എസ്‌സി, എസ്ടി നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.സഹഅധ്യാപകനോടുള്ള ദേഷ്യത്തിലാണ്, അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത ചന്ദ്രലേഖ പ്രചരിപ്പിച്ചത്. ജനുവരിയില്‍ വിദ്യാര്‍ഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയളവിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. അപമാനഭാരത്താല്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിക്ക് പഠനം നിര്‍ത്തേണ്ടി വന്നു. പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും, മേയ് 27 ന് മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിടിഎയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 5ന് ചന്ദ്രലേഖയെ സസ്‌പെന്‍ഡ് ചെയ്തു. അതേദിവസം ഇവര്‍ക്കെതിരെ കിളിമാനൂര്‍ പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും നടപടിയെടുക്കാന്‍ തയാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *