March 24, 2026

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എല്ലാ വകുപ്പുകളിലും ഉപകരണ ക്ഷാമമുണ്ട്, മേധാവികള്‍ തുറന്ന് പറയാത്തത് ഭയം കാരണം: ഡോ. ഹാരിസ്

  • June 29, 2025
  • 0 min read
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എല്ലാ വകുപ്പുകളിലും ഉപകരണ ക്ഷാമമുണ്ട്, മേധാവികള്‍ തുറന്ന് പറയാത്തത് ഭയം കാരണം: ഡോ. ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത് അപേക്ഷിച്ചും ഇരന്നും മടുത്തിട്ടെന്ന് യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ ഹാരിസ്. ഉപകരണക്ഷാമത്തെക്കുറിച്ച് ഒരു വര്‍ഷം മുന്‍പ് ആരോഗ്യമന്ത്രിയുടെ ഓഫിസിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നുവെന്നും ഡോ. ഹാരിസ് പറഞ്ഞു. എല്ലാ വിഭാഗത്തിലും പ്രശ്‌നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്ന് പറയാത്തത് ഭയംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കും ആദ്യഘട്ടത്തില്‍ ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓര്‍ത്തപ്പോള്‍ ആ ഭയത്തിന് അര്‍ഥമില്ലെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ ഒപ്പമുണ്ടായിരുന്ന പല ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്ത് കോടീശ്വരന്മാരായിട്ടും താനിപ്പോഴും സര്‍ക്കാര്‍ സര്‍വീസില്‍ തുടരുന്നത് സര്‍ക്കാര്‍ കോളജില്‍ പഠിച്ചതിനാല്‍ സര്‍ക്കാര്‍ സേവനം ചെയ്യണമെന്ന നിര്‍ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡോ. ഹാരിസ് പറഞ്ഞു. ആശുപത്രിയില്‍ വേണ്ട ചില അടിയന്തര ആവശ്യങ്ങളെക്കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്. പ്രശ്‌നങ്ങള്‍ പൂര്‍ണമായും ആരോഗ്യമന്ത്രിക്ക് അറിയുമോ എന്ന് തനിക്കറിയില്ല. തന്റെ തലപ്പത്തുള്ളവര്‍ തന്നെ പ്രശ്‌നങ്ങള്‍ കവര്‍ അപ്പ് ചെയ്യാന്‍ ശ്രമിച്ചതായി സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു രാഷ്ട്രീയ വിവാദമുണ്ടാക്കുകയല്ല തന്റെ ലക്ഷ്യമെന്ന് ഡോ ഹാരിസ് വ്യക്തമാക്കി. ഒരു വ്യാജ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടശേഷം താന്‍ ഒളിച്ചിരിക്കുന്നു എന്ന് ജനങ്ങള്‍ വിചാരിക്കാതിരിക്കാനാണ് വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് വീണ്ടും മാധ്യമങ്ങളെ കാണാന്‍ തയ്യാറായത്. തനിക്ക് ഇനി ഭയന്നിരിക്കേണ്ട കാര്യമില്ല. രോഗികളോടുള്ള കടപ്പാടാണ് പ്രധാനം. ഒറ്റപ്പെടുത്തുന്നുവെങ്കില്‍ ഒറ്റപ്പെടുത്തട്ടേ. താന്‍ എല്ലാവിധ യോഗ്യതയുമുള്ള ഒരു ഡോക്ടറാണെന്ന് വിശ്വാസമുണ്ട്. പിന്നെന്തിന് ഭയന്നിരിക്കണം എന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *