March 24, 2026

സര്‍വീസ് തന്നെ മടുത്തിരിക്കുകയാണ്; നടപടി ഉണ്ടായിക്കോട്ടെ: പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നു:ഡോ. ഹാരിസ് ചിറയ്ക്കൽ

  • June 28, 2025
  • 1 min read
സര്‍വീസ് തന്നെ മടുത്തിരിക്കുകയാണ്; നടപടി ഉണ്ടായിക്കോട്ടെ: പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നു:ഡോ. ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗുരുതര പ്രതിസന്ധിയെക്കുറിച്ചുളള പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. സര്‍വീസ് തന്നെ മടുത്തിരിക്കുകയാണെന്നും നടപടി ഉണ്ടായിക്കോട്ടെ എന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടെയും മറ്റ് അധികാരികളുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമാണ് ഹാരിസ് ചിറയ്ക്കല്‍ ആരോപിച്ചത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ടുപോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്നില്‍ നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.’പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആയതുമുതല്‍ അധികാരികളോട് അറിയിച്ച കാര്യമാണ്. പലപ്പോഴും സമ്മര്‍ദമുണ്ടായിട്ടുണ്ട്. പോസ്റ്റ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു. ഇന്നലെയും ശസ്ത്രക്രിയ മുടങ്ങി. ഇതോടെ കൂട്ടിരിപ്പുകാര്‍ ദേഷ്യപ്പെട്ടിരുന്നു. സിപിഐഎം നേതാവ് കരമന ഹരി വിളിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായി സംസാരിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞിരുന്നു. എട്ടുമാസം മുന്‍പ് മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ നല്‍കിയ ഉറപ്പിലാണ് പോസ്റ്റ് പിന്‍വലിച്ചത്. ജീവിതം മടുത്തുവെന്ന് എഴുതിയിട്ടതുകൊണ്ടാണ് വീട്ടില്‍ പൊലീസ് വന്നത്’, ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.വെളിപ്പെടുത്തലിന് പിന്നാലെ ഇന്ന് വൈകിട്ട് മൂന്നുമണിയോടെ ഹാരിസിന്റെ വീട്ടില്‍ പൊലീസ് എത്തിയിരുന്നു. അവസാനം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ എന്ന് പരാമര്‍ശമുണ്ടായിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പൊലീസ് കമലേശ്വരത്തെ ഡോക്ടറുടെ വീട്ടിലെത്തിയത്.നേരത്തെ ഡോ. ഹാരിസ് ചിറക്കലിന്റെ വാദം തള്ളി ഡിഎംഇ രംഗത്തെത്തിയിരുന്നു. ഡോക്ടറിന്‍റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താൻ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാൽ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകൾ എല്ലാം പൂർത്തിയാക്കിയെന്നും ഡിഎംഇ വ്യക്തമാക്കി. ഹാരിസിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും ഡിഎംഇ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *