എം.ഡി.എം.എ കണ്ണി തേടി പോലീസ്; പിടികൂടിയത് 75 കോടിയുടെ 37കിലോ: രണ്ട് വിദേശ വനിതകൾ അറസ്റ്റിൽ

ബംഗളൂരു: ആറുമാസം മുമ്പ് 15 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ കർണാടക പൊലീസ് കാണിച്ച ജാഗ്രതയും തുടരന്വേഷണവും അവസാനിച്ചത് കർണാടകയിലെ ഏറ്റവും വലിയ ലഹരി ശേഖരം പിടികൂടുന്നതിൽ. മംഗളൂരുവിലെ പമ്പ് വെല്ലിൽ നിന്ന് ഹൈദർ അലി എന്നയാളെയാണ് 15 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസ് പിടികൂടിയത്. പൊലീസ് ഇയാളിൽ അന്വേഷണം ഒതുക്കിയില്ല. ഇയാൾക്ക് ലഹരി എത്തിച്ച വൻ കണ്ണികളിലേക്ക് അന്വേഷണം തുടർന്നു. പിന്നീട് ആറ് കോടി രൂപയുടെ എം.ഡി.എം.എയുമായി ബംഗളൂരുവിൽ പീറ്റർ എന്ന നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്തു. അവിടെയും നിർത്തിയില്ല അന്വേഷണം. ഏറ്റവും ഒടുവിൽ, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) മാർച്ച് 14 ന് ബംഗളൂരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകളെ അറസ്റ്റ് ചെയ്തു. 75 കോടി വില മതിക്കുന്ന 37കിലോ എം.ഡി.എം.എയാണ് ഇവരുടെ ട്രോളിബാഗിൽനിന്ന് പിടികൂടിയത്. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രി നഗറിൽ നിന്നാണ് പ്രതികളായ ബാംബ ഫാന്റ (31), അബിഗെയ്ൽ അഡോണിസ് (30) എന്നിവരെ കസ്റ്റഡിയിലെടുത്തതെന്ന് മംഗളൂരു പൊലീസ് കമീഷണർ അനുപം അഗർവാൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. കഴിഞ്ഞ വർഷം വിമാനമാർഗം മുംബൈയിലേക്ക് 37 തവണയും ബംഗളൂരുവിലേക്ക് 22 തവണയും ഇരുവരും യാത്ര ചെയ്തതായും പൊലീസ് കണ്ടെത്തി.ട്രോളി ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ, നാല് മൊബൈൽ ഫോണുകൾ, പാസ്‌പോർട്ടുകൾ, 18,000 രൂപ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. യാത്രക്കായി വ്യാജ പാസ്‌പോർട്ടുകളും വിസകളും ഉപയോഗിച്ചതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി