February 5, 2026

പ്രിയങ്ക ​ഗാന്ധിക്കുനേരെ കരിങ്കൊടി;വിമർശനവുമായി കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാം

  • January 28, 2025
  • 1 min read
പ്രിയങ്ക ​ഗാന്ധിക്കുനേരെ കരിങ്കൊടി;വിമർശനവുമായി കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാം

ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് സിപിഎമ്മുകാരുടെ മുഖമുദ്ര

കൽപറ്റ : വയനാട്ടിലെത്തിയ പ്രിയങ്ക ​ഗാന്ധിക്കുനേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി വീശിയ സംഭവത്തിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാം. ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്രയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സംസ്ഥാന ഭരണകൂടത്തിൽ ഒരു മന്ത്രിയടക്കം വയനാട്ടിൽ നിന്നുണ്ട്. എന്നാലും വയനാട്ടിൽ വന്യജീവി ആക്രമണമടക്കമുള്ള ഏത് വിഷയമുയർന്നാലും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ ആക്രോശങ്ങൾ ആദ്യമുയരുന്നത് വയനാട്ടിലെ പാർലമെന്റംഗത്തിനെതിരെയാണ്. എംപിയെവിടെ എംപിയെവിടെ എന്ന് സിപിഎമ്മുകാർ പതിവായി വെല്ലുവിളിക്കും. എംപി സംഭവസ്ഥലത്ത് വന്നാൽ അവരെ റോഡ് സൈഡിൽ നിന്ന് കരിങ്കൊടി കാണിക്കും. ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്ര. വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

വനം, വന്യജീവി വിഷയങ്ങൾ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് നേരിട്ടിടപെടാൻ ഉത്തരവാദിത്തമുള്ള ഭരണഘടനയുടെ കൺകറന്റ്‌ ലിസ്റ്റിൽ പെട്ട വിഷയമാണ്. ഇപ്പോഴത്തെ വന്യജീവി ആക്രമണ വിഷയത്തിൽ സംഭവസ്ഥലത്ത് സംസ്ഥാന ഭരണാധികാരികളായ മുഖ്യമന്ത്രിയോ വനംവകുപ്പ് മന്ത്രിയോ ഇതുവരെ എത്തിച്ചേർന്നിട്ടില്ല. അവർക്കെല്ലാം മുൻപ് അവിടെയെത്തിയത് വയനാട് എംപിയാണെന്നതാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്.

വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കെതിരായ സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രേരിതമായ അധമ പ്രചരണങ്ങളെ കേരളം അവജ്ഞയോടെ തള്ളിക്കളയും. വന്യജീവി ആക്രമണങ്ങളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണം. അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം, മന്ത്രി ഓ.ആർ കേളുവും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശാന്തയുടെ വീട്ടിലെത്തിയിരുന്നു. വനവകുപ്പ് മന്ത്രിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *