ഡൽഹിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി
ന്യൂഡൽഹി:ഡൽഹിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത് സ്കൂൾ വിദ്യാർഥികളെന്ന് പൊലീസ്. രോഹിണി ജില്ലയിലെ രണ്ട് സ്‌കൂളുകളിലേക്കാണ് വിദ്യാർഥികൾ ബോംബ് ഭീഷണിയുമായി ഇമെയിൽ സന്ദേശമയച്ചത്. പരീക്ഷ നീട്ടിവെക്കാനായി ഭീഷണി സന്ദേശമയക്കുകയായിരുന്നെന്നും രണ്ട് സ്‌കൂളുകളിലേക്ക് ഇമെയിലുകൾ അയച്ചത് ഒരേ സ്‌കൂളിലെ രണ്ട് വിദ്യാർഥികളാണെന്നും ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളെ കൗൺസിലിങ് നൽകി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചെന്നും പൊലീസ് വ്യക്തമാക്കി.രോഹിണിയിലും പശ്ചിം വിഹാറിലും ഉള്ള സ്കൂളുകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ബോംബ് ഭീഷണി ലഭിച്ചത്. ഡൽഹി പൊലീസിലെ സ്‌പെഷ്യൽ സെല്ലിന്റെ അന്വേഷണത്തിലാണ് വിദ്യാർഥികൾ കുടുങ്ങിയത്. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പരീക്ഷ തൽക്കാലത്തേക്ക് മാറ്റി വയ്ക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു ഭീഷണിയെന്ന് വ്യക്തമായത്. ഇതോടെ വിദ്യാർഥികളെ പൊലീസ് മുന്നറിയിപ്പ് നൽകി മാതാപിതാക്കൾക്കൊപ്പം അയക്കുകയായിരുന്നു.