പിപി ദിവ്യ ജില്ലാ പഞ്ചായത്തംഗമായി തുടരും
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യാ പ്രേരണ കേസിൽ പ്രതിയായ പിപി ദിവ്യ ജില്ലാ പഞ്ചായത്തംഗമായി തുടരും. ഇവരെ പാർട്ടിയുടെ തിരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്നും സിപിഎം നീക്കം ചെയ്തിട്ടുണ്ടെങ്കിലും ജില്ലാ പഞ്ചായത്ത് അംഗമെന്ന സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ദിവ്യ ജയിച്ചു വന്ന കല്യാശേരി ഡിവിഷനിൽ ഒരു ഉപതിരഞ്ഞെടുപിന് സിപിഎം നേതൃത്വത്തിന് താൽപര്യമില്ല. അതുകൊണ്ടുതന്നെ അവശേഷിച്ച ഒരു വർഷം കൂടി ദിവ്യ തുടരട്ടെയെന്നെ നിലപാടിലാണ് പാർട്ടി നേതൃത്വം.ഇതിനിടെ ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും കല്യാശേരി ഡിവിഷൻ അംഗവുമായ പിപി ദിവ്യ പങ്കെടുത്തില്ല. എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയായ ദിവ്യ കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് വനിതാ ജയിലിൽ നിന്നും മോചിതയായിരുന്നു. കേസിലെ മുഖ്യസാക്ഷിയായ കണ്ണൂർ കലക്ടർ തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരിയായതിനെ തുടർന്നാണ് ദിവ്യ വിട്ടു നിന്നത്. സാക്ഷികളെ കാണരുതെന്നും സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിൽ പറയുന്നുണ്ട്. ഇതു കാരണമാണ് ദിവ്യ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്നത്.