ആരോഗ്യം കാക്കും റാഗി ഇഡ്ഡലി
റിപ്പോർട്ട് അശ്വതി
റാഗിയുടെ ഗുണങ്ങൾ ഏറെയാണ്. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ചെയ്യുന്ന ഒരു ധാന്യമാണ് റാഗി. സാധാരണയായി കുട്ടികൾക്ക് ചെറിയ പ്രായത്തിൽ റാഗി കുറുക്കായി നൽകാറുണ്ടെങ്കിലും അതുപയോഗിച്ച് മറ്റ് എന്ത് പലഹാരം തയ്യാറാക്കാൻ സാധിക്കും എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു ഇഡ്ഡലിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
റാഗി ഇഡ്ഡലി തയ്യാറാക്കാനായി ആദ്യം തന്നെ ബാറ്റർ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ റാഗി, അരക്കപ്പ് അളവിൽ ഉഴുന്ന്, കാൽ കപ്പ് അളവിൽ പച്ചരി, ഒരു ടീസ്പൂൺ അളവിൽ ഉലുവ എന്നിവ നല്ലതുപോലെ കഴുകിയ ശേഷം കുതിർത്താനായി ഇടുക. കുറഞ്ഞത് നാലു മണിക്കൂർ നേരമെങ്കിലും ഇത്തരത്തിൽ കുതിർത്തുവെച്ച ചേരുവകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട്
ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഈയൊരു ബാറ്റർ ഫെർമെന്റ് ചെയ്യാനായി വെക്കണം. മാവ് നല്ലതുപോലെ പുളിച്ചു പൊന്തി വന്നു കഴിഞ്ഞാൽ ഇഡ്ഡലി തയ്യാറാക്കാം. അതിനായി സാധാരണ ഇഡ്ഡലി തയ്യാറാക്കുന്ന അതേ രീതിയിൽ ഇഡ്ഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. ഇഡ്ഡലി തട്ടിൽ നിന്നും പെട്ടെന്ന് അടർത്തി എടുക്കാനായി തട്ടിൽ അല്പം എണ്ണ തടവി കൊടുക്കാവുന്നതാണ്.
ശേഷം തയ്യാറാക്കി വെച്ച മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു കരണ്ടി മാവെടുത്ത് ഇഡ്ഡലിത്തട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ ആവി കയറ്റി എടുക്കുമ്പോൾ നല്ല സ്വാദിഷ്ടമായ റാഗി ഇഡ്ഡലി റെഡിയായി കഴിഞ്ഞു. വളരെയധികം ഹെൽത്ത് ബെനിഫിറ്റ്സ് നൽകുന്ന റാഗി ഇഡ്ഡലി സാമ്പാർ, ചട്നി എന്നിവയോടൊപ്പം ചൂടോടെ സെർവ് ചെയ്യാവുന്നതാണ്.