കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികദിനം
കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ എക്കാലവും പൊരുതുവാനുള്ള ഊർജ്ജമായി നമുക്ക് മുന്നിൽ അവശേഷിക്കുന്നുവെന്ന് മന്ത്രി പി രാജീവ്
കമ്മ്യൂണിസ്റ്റ് പാർടിയിലേക്ക് കടന്നുവരുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് സഖാവിൻ്റെ രാഷ്ട്രീയജീവിതം. എത്ര പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും സൗമ്യനായി എന്നാൽ അസാമാന്യമായ പാടവത്തോടെയുള്ള പ്രതികരണങ്ങളും ഇടപെടലുകളും അദ്ദേഹത്തിൻ്റെ പ്രത്യേകതയായിരുന്നു. എത്ര ശക്തമായ നിലപാട് സ്വീകരിക്കേണ്ട ഘട്ടത്തിലും രാഷ്ട്രീയ എതിരാളികൾക്ക് അദ്ദേഹം നൽകിയ ആദരം നമ്മളെല്ലാവരും സ്വജീവിതത്തിൽ പകർത്തേണ്ടതാണ്. ഏതെങ്കിലുമൊരു വ്യക്തിയെ ബാധിക്കുന്ന പ്രശ്നമാണെങ്കിൽ ആ വ്യക്തിക്ക് കൂടി അത് സ്വീകാര്യമാകും വിധത്തിൽ അവതരിപ്പിക്കാനുള്ള അസാധാരണമായ കഴിവ് സഖാവിനുണ്ടായിരുന്നുവെന്നും പി രാജീവ് പറഞ്ഞു.
പാർടിയുടെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ പാർടി നേതൃനിരയുടെ ഭാഗമായി എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാനും പാർടിയെ കരുത്തോടെ മുന്നോട്ടുനയിക്കാനും കോടിയേരിക്ക് സാധിച്ചിരുന്നു. എപ്പോഴും പാർടിയായിരുന്നു കോടിയേരിക്ക് പ്രധാനം. പാർടിക്കെതിരായ ഏത് നീക്കത്തെയും, പ്രകമ്പനം സൃഷ്ടിക്കുമെന്ന് നമ്മളൊക്കെ കരുതുന്ന നീക്കങ്ങളെയുൾപ്പെടെ തടയാനും തടയണ കെട്ടാനും സഖാവ് കോടിയേരിയുടെ നേതൃത്വത്തിൽ പാർടിക്ക് സാധിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ദീർഘകാലം പ്രവർത്തിക്കാൻ സാധിച്ചത് പാർടിക്കെതിരെ സംഘടിതമായ ആക്രമണമുണ്ടാകുന്ന ഏതൊരു ഘട്ടത്തിലും അതിനെ പ്രതിരോധിക്കാനും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനുമുള്ള ആത്മവിശ്വാസം പകരുന്നു.
വിദ്യാർഥി സംഘടനാ പ്രവർത്തന കാലഘട്ടം മുതൽ അദ്ദേഹത്തിനോട് അടുത്തിടപഴകാൻ സാധിച്ചത് എന്റെ സ്വന്തം ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹവുമായി ഉണ്ടായിരുന്ന 25 വർഷത്തെ ബന്ധം കമ്മ്യൂണിസ്റ്റ് പാർടി അംഗമെന്ന നിലയിൽ എനിക്ക് നൽകിയ ഊർജ്ജവും ഉത്തരവാദിത്തബോധവും ഞാൻ ഇപ്പോഴും കൈമോശം വരാതെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുകയാണ്. അതോടൊപ്പം തന്നെ ജനങ്ങളോടൊപ്പം നിന്നാകണം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുപോകേണ്ടത് എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടും കൂറ് പുലർത്തി ഞങ്ങൾ മുന്നോട്ടുപോകുകയാണ്. എക്കാലവും സഖാവിന്റെ സ്മരണ ഞങ്ങൾക്ക് മുന്നോട്ടുള്ള യാത്രയിൽ മാർഗദർശിയായിരിക്കുമെന്നും പി രാജീവ് ആവർത്തിച്ചു