ബംഗാളിൽ നിരീക്ഷകനായി അമിത് ഷായെ നിയമിച്ച് ബിജെപി ; അസമിൽ ജെ.പി. നദ്ദ ; സർക്കാർ രൂപീകരണ ഒരുക്കങ്ങൾ ആരംഭിച്ചു
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, സർക്കാരുകൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി ബിജെപി നേതൃത്വം. പുതിയ നിയമസഭാ കക്ഷി നേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി പശ്ചിമബംഗാളിലും അസമിലും നിരീക്ഷകരെ നിയമിച്ചു. ബംഗാളിന്റെ നിരീക്ഷണ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആണ് ബിജെപി ഏൽപ്പിച്ചിരിക്കുന്നത്. ജെ.പി. നദ്ദയെ അസമിലെ കേന്ദ്ര നിരീക്ഷകനായും നിയമിച്ചു.മുഖ്യമന്ത്രിമാരെ ഉൾപ്പെടെ നിശ്ചയിക്കുന്നതിനായാണ് ബിജെപി പാർലമെന്ററി ബോർഡ് കേന്ദ്ര നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാരിന് നേതൃത്വം നൽകാൻ അമിത് ഷായെ നേരിട്ടാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. സഹ-നിരീക്ഷകനായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും പ്രവർത്തിക്കും. ബംഗാളിൽ 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി വൻ മുന്നേറ്റം നടത്തിയത്. കഴിഞ്ഞ തവണത്തെ 77 സീറ്റുകളിൽ നിന്നാണ് ഈ കുതിച്ചുചാട്ടം. 15 വർഷത്തെ തൃണമൂൽ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്.അസമിൽ തുടർച്ചയായ മൂന്നാം തവണയാണ് എൻഡിഎ സഖ്യം അധികാരം നിലനിർത്തിയിരിക്കുന്നത്. 126 അംഗ സഭയിൽ ബിജെപി മാത്രം 82 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും (AGP) ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും (BPF) 10 സീറ്റുകൾ വീതം നേടി. ഇതോടെ ബിജെപി സഖ്യത്തിന്റെ സീറ്റ് നില 102 ആയി ഉയർന്നു. അസമിൽ പുതിയ സർക്കാർ രൂപീകരണത്തിനായി കേന്ദ്ര നിരീക്ഷകനായി ജെ.പി. നദ്ദയെയും, സഹ-നിരീക്ഷകനായി ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയെയും ആണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.



