വാൽപ്പാറ ദുരന്തത്തിന് ശേഷം പാങ്ങ് സ്കൂൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നുപുതിയ അധ്യാപകർ വിദ്യാലയമുറ്റത്തെത്തി, കണ്ണീരൊടെ സ്വീകരിച്ച് നാട്ടുകാർ..!

വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അഞ്ച് പ്രിയ അധ്യാപകരെ നഷ്ടപ്പെട്ട പാങ്ങ് ജി.എൽ.പി സ്കൂൾ വീണ്ടും സജീവമാകുന്നു. അധ്യാപകരുടെ വിയോഗമുണ്ടാക്കിയ വലിയ വിടവ് നികത്താനും കുട്ടികളുടെ പഠനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുമായി പുതിയ നാല് അധ്യാപകർ സ്കൂളിൽ ചുമതലയേറ്റു.
കെ.കെ രാഖി, വി.പി ഫസീല, പി. ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് പാങ്ങിന്റെ അറിവപുരയിലേക്ക് പുതിയ സാരഥികളായി എത്തിയത്. അപകടത്തിൽ മരിച്ച മജീദ് മാഷിന് പകരക്കാരനായി അതേ പേരുള്ള മറ്റൊരു അധ്യാപകൻ എത്തിയത് വിദ്യാലയത്തിൽ വൈകാരികമായ നിമിഷങ്ങൾക്ക് കാരണമായി.
പാങ്ങ് പടിഞ്ഞാറ്റുംമുറി സ്വദേശിയായ അബ്ദുൽ മജീദ് കൊട്ടക്കാരൻ കല്ലാർമംഗലം ജി.എൽ.പി സ്കൂളിൽ നിന്നാണ് ഇവിടെ എത്തിയത്. പാങ്ങ് സ്വദേശിയായ കെ.കെ രാഖി പറങ്കിമൂച്ചിക്കൽ ജി.എൽ.പി സ്കൂളിൽ നിന്നും, പൂക്കാട്ടിരി സ്വദേശി വി.പി ഫസീല പുത്തൂർ ജി.എൽ.പി സ്കൂളിൽ നിന്നും, കൊളത്തൂർ സ്വദേശി പി. ഷമീന കല്ലാർമംഗലം വിദ്യാലയത്തിൽ നിന്നുമാണ് പാങ്ങിലെത്തിയത്. പാങ്ങ് ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. അഹമ്മദ് കുട്ടിക്ക് ജി.എൽ.പി സ്കൂളിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന വലിയൊരു സംഘം സ്കൂളിൽ ഒത്തുചേർന്നാണ് പുതിയ അധ്യാപകരെ വരവേറ്റത്. എ.ഇ.ഒയുടെയും പ്രഥമാധ്യാപകന്റെയും നേതൃത്വത്തിൽ അധ്യാപകരെ പരിചയപ്പെടുത്തി.
കുറുവ പഞ്ചായത്ത് പ്രസിഡന്റ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ മരിച്ച ഡ്രൈവർ നൗഷാദിന് മൗനപ്രാർത്ഥനയോടെ ആദരവർപ്പിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. പ്രിയപ്പെട്ട അധ്യാപകരുടെ വിയോഗത്തിൽ തളർന്നുകിടന്ന വിദ്യാലയത്തിന് പുതിയ അധ്യാപകരുടെ വരവ് വലിയ ആത്മവിശ്വാസമാണ് പകരുന്നത്.


