പാകിസ്താൻ ഭീകരരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ പ്രദർശനത്തിനൊരുക്കി ഇന്ത്യൻ സൈന്യം

ശ്രീനഗർ : പാകിസ്താൻ ഭീകരരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ പ്രദർശനത്തിനൊരുക്കി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദികളിൽ നിന്ന് സൈന്യം പിടിച്ചെടുത്ത മാരകായുധങ്ങളുടെ വൻ ശേഖരമാണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുന്നത്. ‘ഇബാദത്ത്-ഇ-ഷഹാദത്ത്’ മ്യൂസിയം എന്നാണ് സൈന്യം ഇതിന് പേര് നൽകിയിരിക്കുന്നത്.ശ്രീനഗറിലെ ഇന്ത്യൻ സേനയുടെ 15-ാം കോർ(Chinar Corps) ആസ്ഥാനമായ ബദാമി ബാഗ് കന്റോൺമെന്റിലാണ് ‘ഇബാദത്ത്-ഇ-ഷഹാദത്ത്’ സ്ഥിതിചെയ്യുന്നത്. അതിർത്തി കടന്നെത്തിയ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അത്യാധുനിക ആയുധങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് AK-47, AK-56, AK-74 റൈഫിളുകൾ, ചൈനീസ് നിർമ്മിത സ്റ്റാർ പിസ്റ്റളുകൾ, ആർഡിഎക്സ് (RDX), ഐഇഡി (IED) നിർമ്മാണ സാമഗ്രികൾ, ഗ്രനേഡ് ലോഞ്ചറുകൾ, ആന്റി പേഴ്സണൽ മൈനുകൾ എന്നിവയാണ് പ്രധാനമായും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. കൂടാതെ അതിർത്തി കടന്ന് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ഹൈ-ഫ്രീക്വൻസി റേഡിയോ സെറ്റുകൾ, സാറ്റലൈറ്റ് ഫോണുകൾ എന്നിവയും പ്രദർശനത്തിൽ ഉണ്ട്. അതിർത്തി സംരക്ഷിക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെയും കശ്മീരിലെ സാധാരണക്കാരുടെയും ത്യാഗങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൈന്യം ഈ മ്യൂസിയം ആരംഭിച്ചിരിക്കുന്നത്. അയൽരാജ്യം ഇന്ത്യയിലേക്ക് എത്രത്തോളം മാരകമായ ആയുധങ്ങളാണ് ഒഴുക്കുന്നതെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുക എന്നതും ഈ ആയുധ പ്രദർശനത്തിലൂടെ സൈന്യം ലക്ഷ്യമിടുന്നു. മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഇൻഫർമേഷൻ ഗാലറികളിലൂടെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സൈന്യം നടത്തിയ പ്രധാന ഓപ്പറേഷനുകളുടെ വിവരങ്ങളും അറിയാൻ സാധിക്കും.
