ഡൽഹിയിൽ വൻ തീപിടുത്തം: രണ്ട് വയസ്സുള്ള കുഞ്ഞടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം.

തലസ്ഥാനത്തെ രോഹിണിയിലുള്ള മംഗേരാം പാര്‍ക്ക് മേഖലയില്‍ വന്‍ തീപിടുത്തത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. പ്ലാസ്റ്റിക് ഗോഡൗണില്‍ ആരംഭിച്ച തീ സമീപത്തെ താല്‍ക്കാലിക കുടിലുകളിലേക്ക് അതിവേഗം പടരുകയായിരുന്നു. രു പുരുഷനും സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വിവരം ലഭിച്ച ഉടന്‍ തന്നെ 7 അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഏകദേശം മൂന്നര മണിക്കൂര്‍ നീണ്ട കഠിനശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 4 മണിയോടെയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ആക്രി പെറുക്കി ജീവിക്കുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന കുടിലുകളാണ് കത്തിനശിച്ചത്. തീ പടരുമ്പോള്‍ കുടിലുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവര്‍ക്ക് രക്ഷപ്പെടാന്‍ സാവകാശം ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കളിലേക്ക് അബദ്ധത്തില്‍ തീ പടര്‍ന്നതോ ആകാം കാരണമെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

