തമിഴ്നാട്ടിൽ എഐ സര്‍വ്വകലാശാല; വിജയ്

രാഷ്ട്രീയ ചൂടേറുന്നു. വോട്ടെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെ, ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി, ടിവികെ നേതാവ് വിജയ്, നാം തമിഴർ കക്ഷി നേതാവ് സീമാൻ, വിസികെ നേതാവ് തോൽ തിരുമാളവൻ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ശക്തമായ പ്രചാരണത്തിന്റെ തിരക്കുകളിലാണ്. ഇതിന്റെ ഭാഗമായി ടിവികെ നേതാവായ വിജയ് കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ പ്രചാരണത്തിനെത്തിയിരുന്നു. ചെന്നൈയിൽ നിന്ന് വിമാനമാർഗം തൂത്തുക്കുടിയിലെത്തിയ ശേഷം റോഡ് മാർഗമാണ് അദ്ദേഹം കന്യാകുമാരിയിലേക്ക് വന്നത്.
കന്യാകുമാരിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത വിജയ്, തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ചില പ്രധാന വാഗ്ദാനങ്ങൾ പുറത്തുവിട്ടു. ടിവികെ അധികാരത്തിൽ വന്നാൽ സർക്കാർ പദ്ധതികൾക്ക് കൈക്കൂലി വാങ്ങുന്നത് പൂർണമായി തടയും. കൈക്കൂലിയില്ലാതെ എല്ലാ സർക്കാർ സേവനങ്ങളും ജനങ്ങളിലേക്ക് എത്തും. സഹായങ്ങൾക്കായി അപേക്ഷിക്കേണ്ടതില്ല, പകരം സർക്കാർ സഹായങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കലെത്തും. ഒരു വകുപ്പിലും കൈക്കൂലി അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ഒരു പ്രധാന വിഷയത്തിൽ 10,000 പേർ പരാതി നൽകിയാൽ നിർബന്ധമായും മറുപടി നൽകും. 10 ലക്ഷം പേർ ഒപ്പിട്ട പരാതിയാണെങ്കിൽ അത് നിയമസഭയിൽ ചർച്ച ചെയ്യും. നിയമസഭാ സമ്മേളനത്തിലെ ഒരു ദിവസം പൂർണമായും ജനങ്ങളുടെ പരാതികൾക്കായി മാറ്റിവെക്കുമെന്നും വിജയ് പറഞ്ഞു. തമിഴ്‌നാടിനെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എഐ) തലസ്ഥാനമാക്കി മാറ്റും. സേലം, തിരുച്ചി എന്നിവിടങ്ങളിൽ എഐ ഇന്നൊവേഷൻ സെൻ്ററുകൾ സ്ഥാപിക്കും. തമിഴ്‌നാട്ടിൽ ഒരു എഐ സർവകലാശാല സ്ഥാപിക്കുമെന്നും വിജയ് വാഗ്ദാനം ചെയ്തു.



