April 13, 2026

ചാലിയാറിനക്കരെ ; ജീവിതം ദുരിതപൂർണ്ണം, പ്രളയ ബാധിതരുടെ കണ്ണീർ ചിത്രം..!

  • April 13, 2026
  • 1 min read

ആനപ്പേടിയും ചോരുന്ന കൂരയും; ചാലിയാറിനക്കരെയുള്ള ആദിവാസി നഗറുകളിൽ ജീവിതം ദുരിതം തന്നെ; ഇത് പ്രളയ ബാധിതരുടെ കണ്ണീർ ചിത്രം..!

ഇനിയുമൊരു പ്രളയകാലം ഓർക്കാൻകൂടി വയ്യെന്ന് സുനിത. ആ നടുക്കുന്ന രാത്രിയിൽ സമീപത്തെ ചാലിയാറിൽനിന്ന് മലവെള്ളം ആർത്തലച്ചുവന്നതു മാത്രമാണ് ഓർമ്മ.

ചാലിയാറിന്റെ കുത്തൊഴുക്കിനെ പ്രതിരോധിക്കാൻ കാട്ടിലെ സമീപത്തുള്ള ചെറിയ കുന്നിൻമുകളിലേക്ക് കുഞ്ഞുകുട്ടികളും വയോധികരുമടങ്ങുന്ന ആദിവാസി സഹോദരങ്ങളുമായി പോയി. രോഗികളും കുട്ടികളുമടങ്ങുന്ന സംഘം കാടുകയറി കുന്നുകയറി ഒടുവിൽ അതിന്റെ മുകളിൽ കാത്തിരിപ്പായി.

നേരം പുലർന്നപ്പോൾ വീടുകളെല്ലാം പൂർണമായോ ഭാഗികമായോ തകർന്ന് താമസിക്കാൻ കഴിയാത്ത വിധമായി. അന്നു തുടങ്ങിയതാണ് പ്ലാസ്റ്റിക്‌ഷീറ്റ് വലിച്ചുകെട്ടിയ കൂരയ്ക്കു കീഴിലുള്ള താമസം.

വെയിലിൽ താഴെ ഇരിക്കുന്നവർക്ക് ചുട്ടുപൊള്ളും. മഴയത്ത് ചോർന്നൊലിക്കും. പോത്തുകല്ല് പഞ്ചായത്തിൽ മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിനടുത്ത് ചാലിയാറിനക്കരെ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ എന്നീ ആദിവാസി നഗറുകളിലെ അന്തേവാസികളുടെ ദയനീയസ്ഥിതിയാണിത്.

പരിഹാരംകാണേണ്ട സർക്കാർ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 2018-ലെ പ്രളയത്തിൽ കയറിയതാണ് കാട്ടിലെ ഈ ചെറിയ കുന്നിൻമുകളിലേക്ക്, പിന്നീട് താഴേക്കിറങ്ങാൻ കഴിഞ്ഞിട്ടില്ല. പഴയ വീടുകൾ പുനഃസ്ഥാപിക്കാനോ പുതിയത് നിർമിക്കാനോ കഴിഞ്ഞിട്ടില്ല.

അന്ന് ഗ്രാമപ്പഞ്ചായത്തും സുമനസ്സുകളും ചേർന്ന് വാങ്ങിക്കൊടുത്ത പ്ലാസ്റ്റിക്‌ഷീറ്റുകൾ കാലാകാലങ്ങളിൽ പുതുക്കി വാങ്ങിനൽകുക മാത്രമാണ് സർക്കാർ സംവിധാനത്തിനു കീഴിൽ ഐ.ടി.ഡി.പി. ചെയ്തുവരുന്നത്.

ഇന്റഗ്രേറ്റഡ് ട്രൈബൽ ഡിവലപ്‌മെന്റ് പ്രോജക്ട് (ഐ.ടി.ഡി.പി.) എന്നത് പട്ടികവർഗ വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായുള്ള സംസ്ഥാന സർക്കാർ പദ്ധതിയാണ്.

ആദിവാസി ക്ഷേമത്തിനായി ഓരോ വർഷവും കോടികൾ ചെലവിടുന്നുണ്ട്. പക്ഷേ, വികസനം മാത്രമില്ല. അല്ലെങ്കിൽ എട്ടുവർഷമായിട്ടും ഈ അധഃസ്ഥിതവർഗം ചുട്ടുപൊള്ളുന്ന പ്ലാസ്റ്റിക്‌ഷീറ്റിനു കീഴിൽ, മഴക്കാലത്ത് ചോർന്നൊലിച്ച് കുട്ടികളെയും പ്രായമായവരെയും കൊണ്ട് കിടക്കേണ്ടിവരില്ലായിരുന്നു.

എല്ലാം നഷ്ടപ്പെട്ട വാണിയംപുഴ പ്രദേശത്തെ ആദിവാസി നഗറിലെ നാൽപ്പതോളം കുടുംബങ്ങൾ ഇന്നും ദുരിതത്തിലാണ്. വീടും സ്ഥലവും നഷ്ടപ്പെട്ട ഇവർക്ക് പുനരധിവാസത്തിന്റെ വാഗ്‌ദാനങ്ങൾ മാത്രമാണു കിട്ടിയത്. മഴ പെയ്താലും വെയിലാണെങ്കിലും ദുരിതം ഒരുപോലെ. ഒരു കൂരയിൽ മൂന്നും നാലും കുടുംബങ്ങളാണുള്ളത്. സ്വകാര്യതയെന്നത് ഇവിടെ സ്വപ്നം മാത്രം.

പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ വനം മാത്രം. കാട്ടാനകൾ വസിക്കുന്ന ഇവിടെ പേരിന് സൗരവേലിയുണ്ടെങ്കിലും അതിൽ വൈദ്യുതി പ്രവഹിപ്പിച്ചിട്ടില്ല. ആനയും പന്നിയും കരടിയും എത്തുമെന്ന ഭയം വിട്ടുമാറുന്നില്ല.

വനത്തിൽ പഴയതുപോലെ വനവിഭവങ്ങളില്ല. തേൻ മാത്രമാണ് യഥേഷ്ടം ലഭിക്കുന്നത്. കാട്ടാനകളോട് പൊരുതിവേണം പുരുഷൻമാർക്ക് ഉൾവനത്തിൽ പോയി തേൻ ശേഖരിക്കാൻ. കിഴങ്ങുകളും മരുന്ന് വിഭവങ്ങളും പേരിനുമാത്രം. ഉള്ളിടത്തുപോയി ശേഖരിക്കാൻ കാട്ടാനയും കരടിയും പുലിയും സമ്മതിക്കുന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *