ബാറിൽ തർക്കം :കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി
കടയ്ക്കലിൽ ബാറിൽ വെച്ചുള്ള തർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തികൊല്ലംകടയ്ക്കലിൽ ബാറിൽ വെച്ചുള്ള തർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കടയ്ക്കൽ വയല ശരത് ഭവനിൽ ശരത്താണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.വയല സ്വദേശിയായ ശരത് കടയ്ക്കൽ അഞ്ചുമുക്കിൽ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് ശരത് ബാറിൽ പോയി മദ്യപിച്ചിരുന്നു. അവിടെ മദ്യപിക്കാനെത്തിയ രാഹുലുമായി ശരത് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ബാർ ജീവനക്കാർ ഇടപെട്ട് ഇരുകൂട്ടരെയും പറഞ്ഞുവിട്ടു.എന്നാൽ ഇതിനു പിന്നാലെ ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ നാലംഗ സംഘം പന്തളം മുക്കിൽ വെച്ച് ശരത്തിനെ കൈവശം കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയും വെട്ടുകയുമായിരുന്നു. വെട്ടേറ്റ ശരത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ശരത്തിനെ നാട്ടുകാരും മറ്റും ചേർന്ന് ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി രാഹുലിനെയും മറ്റ് സംഘാംഗങ്ങളെയും പിടികൂടാൻ കടയ്ക്കൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



