പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി

ആലപ്പുഴ: നഗരത്തിലെ പൂന്തോപ്പ് സെയിന്റ് ഫ്രാൻസീസ് പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. പൂന്തോപ്പ് സ്വദേശികളായ ഇരട്ട സഹോദരങ്ങൾ സച്ചിൻ, സഞ്ജയ് എന്നിവരെയും ഇവരുടെ സുഹൃത്തായ കൊമ്മാടി സ്വദേശി അൻസിലിനെയുമാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന യുവാക്കൾ ശവക്കല്ലറയ്ക്ക് മുകളിൽ ഇരുന്നാണ് വീഡിയോ എടുത്തത്. ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയാണ് ഇവർ ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന് പോലീസ് പറഞ്ഞു.യുവാക്കൾ സെമിത്തേരിക്കുള്ളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ആടിപ്പാടി റീൽസ് നിർമ്മിക്കുകയും ചെയ്തത് പള്ളി അധികൃതരെയും വിശ്വാസികളെയും പ്രകോപിപ്പിച്ചു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിൽ യുവാക്കളുടെ പ്രവൃത്തികൾ വ്യക്തമായി പതിഞ്ഞിരുന്നു. മതിൽ ചാടിക്കടക്കുന്നതും കല്ലറകൾക്ക് മുകളിൽ അനാദരവോടെ പെരുമാറുന്നതും ദൃശ്യങ്ങളിൽ കണ്ടതോടെ പള്ളി ഭാരവാഹികൾ പോലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയാൻ അധികൃതർ ഉടൻ നടപടി ആവശ്യപ്പെടുകയായിരുന്നു. യുവാക്കളുടെ ഈ കൃത്യം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നോർത്ത് പോലീസ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതി ഉയർന്നതോടെ യുവാക്കൾ വീട്ടിൽ നിന്നും ഒളിവിൽ പോയിരുന്നു. പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ഇ.എം.എസ്. സ്റ്റേഡിയത്തിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. പിടിയിലായ മൂന്നുപേരെയും ആലപ്പുഴ ഡിവൈഎസ്പിയുടെയും നോർത്ത് എസ്ഐയുടെയും നേതൃത്വത്തിൽ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ഉൾപ്പെട്ട നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
