വിദ്യാർഥിനിയുടെ ലൈംഗിക പീഡനപരാതിയിൽ അധ്യാപകൻ ജ്ഞാനവേൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അണ്ണാ സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർഥിനിയുടെ ലൈംഗിക പീഡനപരാതിയിൽ അധ്യാപകൻ ജ്ഞാനവേൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അവസാന വർഷ വിദ്യാർഥിനി ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. സംഭവത്തിൽ സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. തിരുനെൽവേലിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജ്ഞാനവേലിനെ കോട്ടൂർപുരം വനിതാ പോലീസാണ് പിടികൂടിയത്. സർവകലാശാല ഇയാളെ സസ്‌പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.കഴിഞ്ഞ മൂന്ന് വർഷമായി അധ്യാപകൻ തന്നെ നിരന്തരം ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നു. പഠനവിഷയങ്ങളിൽ സംശയം ചോദിച്ചാൽ തന്റെ കിടപ്പുമുറിയിലേക്ക് വരാനാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. രാത്രി വൈകിയും ഫോണിലൂടെ ശല്യം ചെയ്യുന്നത് പതിവാക്കിയതോടെ വിദ്യാർഥിനി ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ വിവരം പുറത്തുപറഞ്ഞാൽ വകവരുത്തുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. തന്നെ കൂടാതെ മറ്റ് ചില വിദ്യാർഥിനികളും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അവർ ഭയം മൂലമാണ് പരാതി നൽകാത്തതെന്നും യുവതി വ്യക്തമാക്കി.അധ്യാപകന്റെ അറസ്റ്റിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നാല് വിദ്യാർഥിനികൾ കൂടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നും ഫോണിൽ നിന്നും ഇയാളെ ഒഴിവാക്കിയിട്ടും സുഹൃത്തുക്കൾ വഴി അധ്യാപകൻ തന്നെ വേട്ടയാടുന്നത് തുടർന്നതായി ആദ്യ പരാതിക്കാരി പറഞ്ഞു
