കേരളത്തിന് 949 കോടി രൂപയുടെ പ്രോത്സാഹന ധനസഹായം

നഗരവികസന മേഖലയിൽ കേരളം നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് അംഗീകാരം. നഗരാസൂത്രണ പരിഷ്‌കാരങ്ങൾ വിജയകരമായി നടപ്പിലാക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പ്രോത്സാഹന ധനസഹായം നൽകുന്ന സ്കീം ഫോർ സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് (SSASCI) 2025-2026 പദ്ധതിയുടെ അർബൻ പ്ലാനിങ് റിഫോംസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അംഗീകാരം. കേരളത്തിന് 949 കോടി രൂപയുടെ പ്രോത്സാഹന ധനസഹായം ലഭിച്ചു. നഗരഭരണം, സാമ്പത്തിക സുസ്ഥിരത, ഭൂവിനിയോഗം, നഗരങ്ങളെ വ്യവസായ സൗഹൃദമാക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ധനമന്ത്രാലയം SSASCI പദ്ധതി ആവിഷ്‌കരിച്ചത്. നഗരവികസന പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപന ഏജൻസിയായ AMRUT മിഷൻ കേരള 2025 ഓഗസ്റ്റിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന വിവരങ്ങളും പരിഷ്‌കാര റോഡ്മാപ്പും തയ്യാറാക്കി സമർപ്പിച്ചിരുന്നു. 2025 ഡിസംബറിൽ അന്തിമ റിപ്പോർട്ടും അനുബന്ധ രേഖകളും സമർപ്പിച്ചു.ഭരണം, സാമ്പത്തികം, നഗരഭൂമി-നഗരാസൂത്രണ പരിഷ്‌കാരങ്ങൾ വിഭാഗത്തിലുൾപ്പെടുത്തി 815 കോടിയും ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് റിഫോംസ് വിഭാഗത്തിൽ ഉൾപ്പെടുത്തി 550 കോടിയും അടക്കം 1,365 കോടി രൂപയുടെ പ്രോത്സാഹന ധനസഹായമാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ രണ്ടു വിഭാഗങ്ങളിലുമായി യഥാക്രമം 339 കോടിയും 360 കോടിയുമാണ് കേന്ദ്രം അനുവദിച്ചത്.
