ഭക്തിനിർഭരമായ ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്


Report. Anish chunakara
ആലപ്പുഴ:കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ കായംകുളം തിരുവല്ല സംസ്ഥാന പാതയിൽ കായംകുളത്തിനും മാവേലിക്കരയ്ക്കും ഇടയിൽ ചെട്ടികുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളി ആണ് മുഖ്യ പ്രതിഷ്ഠ. ചെട്ടികുളങ്ങര അമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു. കൊടുങ്ങല്ലൂരിൽ നിന്ന് വന്നതാണ് ഈ ഭഗവതി എന്നാണ് ഐതീഹ്യം. മാവേലിക്കര ടൗണിൽ നിന്ന് 5 കിലോമീറ്റർ അകലെയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്.

ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക്, കരുനാഗപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ “ഓണാട്ടുകര” എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ “ഓണാട്ടുകരയുടെ കുലദൈവം, ദേശദൈവം അഥവാ ഓണാട്ടുകരയുടെ പരദേവത” എന്നും വിളിക്കുന്നു കുംഭമാസത്തിലെ (ഫെബ്രുവരി/മാർച്ച്) ഭരണിനാളിലാണ് വിശ്വപ്രസിദ്ധമായ കെട്ടുകാഴ്ച്ച ഉത്സവം നടക്കുന്നത്. ഇത് ചെട്ടികുളങ്ങര ഭരണി എന്നറിയപ്പെടുന്നു. കുംഭഭരണിക്ക് സ്ഥലവാസികൾ “കൊഞ്ചുമാങ്ങ” എന്ന വിഭവം ഉണ്ടാക്കുന്നു. ഇത് വീട്ടിലെ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഭഗവതിയുടെ പ്രസാദമായി കണക്കാക്കപ്പെടുന്നു. ചൊവ്വ, വെള്ളി, ഞായർ, പൗർണ്ണമി, അമാവാസി, നവരാത്രി ദിവസങ്ങളിൽ ധാരാളം ഭക്തർ ഇവിടെ ദർശനത്തിന് എത്തിച്ചേരുന്നതായി കണ്ടു വരുന്നു….
