കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശിലാസ്ഥാപനം ഫെബ്രുവരി 7ന് മുഖ്യമന്ത്രി നിര്‍വഹിക്കും


കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഒരു നാഴികക്കല്ല്കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശിലാസ്ഥാപനം ഫെബ്രുവരി 7ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്റെ ശിലാ സ്ഥാപനം കോഴിക്കോട് ചേവായൂരില്‍ വച്ച് ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കിഫ്ബി വഴി 643.88 കോടി രൂപ ചെലവഴിച്ചാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സജ്ജമാക്കുന്നത്. അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടുള്ള ചികിത്സ, അധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എല്ലാം സാധ്യമാകുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍. അവയവങ്ങള്‍ക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതല്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാ അവയവങ്ങളിലും, ടിഷ്യുകളിലും, സെല്‍ ട്രാന്‍സ്പ്ലാന്റേഷനുകളിലും ചികിത്സ, പരിശീലനം, ഗവേഷണം എന്നീ പ്രവര്‍ത്തനങ്ങളോടെ പൊതുമേഖലയില്‍ പൂര്‍ണ്ണമായും സ്വയംഭരണാധികാരമുള്ള ഒരു മികവിന്റെ കേന്ദ്രമായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ട്. മൂന്ന് ടവറുകളിലും എട്ട് നിലകളിലുമായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. തീവ്രപരിചരണം, ഹൈ ഡെപ്പന്റന്‍സി യൂണിറ്റുകള്‍, ഡയാലിസിസ് സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ 350 കിടക്കകള്‍ ഉണ്ടാകും. ഒരു ട്രാന്‍സ്പ്ലാന്റ് ഗവേഷണ കേന്ദ്രവും, സെല്‍, ടിഷ്യു എഞ്ചിനീയറിംഗിനുള്ള ഒരു കേന്ദ്രവും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാകും. ആദ്യ ഘട്ടത്തില്‍ 14 സ്‌പെഷ്യാലിറ്റി വകുപ്പുകളും ഡിവിഷനുകളും ഉണ്ടാകും. 31 അക്കാദമിക് കോഴ്‌സുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്, അവയില്‍ പലതും രാജ്യത്തെ ആദ്യത്തേതാണ്.
