ബധിരയും മൂകയുമായ മകളെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് മുംബൈയിലെ കഫ് പരേഡ് മേഖലയിൽ നിന്ന്പുറത്തുവരുന്നത്. കേൾവിയും സംസാരശേഷിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് ക്രൂരനായ പിതാവ് പോലീസിന്റെ പിടിയിലായത്. സംശയത്തിൻ്റെ മുൾമുനയിലായിരുന്ന 17 പേരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് പിതാവാണ് യഥാർത്ഥ പ്രതിയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വയറ്റിൽ അസ്വസ്ഥത അനുഭവപ്പെട്ട പെൺകുട്ടി തന്റെ മുത്തശ്ശിയോട് ആംഗ്യഭാഷയിൽ പരാതി പറയുകയായിരുന്നു. വയറ്റിൽ എന്തോ ഇഴയുന്നതുപോലെ തോന്നുന്നു എന്നായിരുന്നു പെൺകുട്ടി മുത്തശ്ശിയെ ധരിപ്പിച്ചത്. തുടർന്ന് മുംബൈയിലെ കാമ ആൻഡ് അൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടിപ്പോയി. അഞ്ചുമാസം ഗർഭിണിയായിരുന്നു ആ പെൺകുട്ടി. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടക്കത്തിൽ പോലീസിന് മൊഴിയെടുക്കാൻ വലിയ പ്രായസമാണ് നേരിടേണ്ടി വന്നത്. പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയില്ലെന്നതും ഭയം മൂലം കാര്യങ്ങൾ വ്യക്തമാക്കാൻ മടിച്ചതും അന്വേഷണത്തെ ബാധിച്ചു. ഈ ഘട്ടത്തിൽ പിതാവിനെ ചോദ്യം ചെയ്തപ്പോൾ മകൾ എങ്ങനെ ഗർഭിണിയായി എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. പരാതി നൽകാൻ പോലും ഇയാൾ തയ്യാറായില്ല. എന്നാൽ പിന്നീട് വിദഗ്ധമായ കൗൺസിലിംഗിലൂടെ പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് സാധിച്ചു. പെൺകുട്ടി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ അയൽവാസിയായ ഒരാളെയും 17 വയസ്സുള്ള ഒരു കൗമാരക്കാരനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.കേസിന്റെ നിഗൂഢതകൾ നീക്കാൻ പോലീസ് ഡിഎൻഎ പരിശോധന എന്ന ശാസ്ത്രീയ മാർഗ്ഗം തേടുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ 17 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ഭ്രൂണത്തിന്റെ ഡിഎൻഎയുമായി ഒത്തുനോക്കി. ജനുവരി 27-ന് പുറത്തുവന്ന ലബോറട്ടറി റിപ്പോർട്ടിൽ പിതാവിന്റെ ഡിഎൻഎ മാത്രമാണ് പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിനും സെപ്റ്റംബറിനുമിടയിലാണ് ക്രൂരമായ ഈ പീഡനം നടന്നതെന്നാണ് പോലീസ് നിഗമനം. മകളെ സംരക്ഷിക്കേണ്ട പിതാവ് തന്നെ ഇത്തരമൊരു ഹീനകൃത്യം ചെയ്തത് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്

