വീടിന്റെ മതിൽ തകർന്ന് വീണ് ഇന്ത്യൻ തൊഴിലാളി മരിച്ചു-കരാറുകാരന്‍ പിടിയില്‍

നിർമാണത്തിലിരുന്ന വീടിന്റെ മതിൽ തകർന്ന് വീണ് ഇന്ത്യൻ തൊഴിലാളി മരിച്ച സംഭവത്തിൽ സൈറ്റ് സൂപ്പർവൈസർക്ക് തടവുശിക്ഷ. മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 44-കാരനായ ബഹ്‌റൈനി കരാറുകാരനെയാണ് ഹൈ ക്രിമിനൽ കോടതി മൂന്ന് മാസം തടവിന് വിധിച്ചത്.മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ നാല് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കഴിഞ്ഞ ജൂലൈയിൽ നടന്ന ദൗർഭാഗ്യകരമായ അപകടത്തിൽ 60 വയസ്സുകാരനായ ബൽവിന്ദർ സിംഗാണ് മരിച്ചത്. ജോലിക്കിടയിൽ ചായ കുടിക്കാനായി കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനലിനരികിൽ ഇരുന്ന അദ്ദേഹം, തിരികെ എഴുന്നേൽക്കുന്നതിനിടെ തലകറക്കം വന്ന് ബാലൻസ് തെറ്റുകയായിരുന്നു.വീഴാതിരിക്കാൻ സമീപത്തെ മതിലിൽ ചാരിയപ്പോൾ, നിർമാണം പൂർത്തിയാകാത്ത മതിൽ തകർന്ന് അദ്ദേഹം മൂന്ന് മീറ്റർ താഴെയുള്ള സിമന്റ് കട്ടകൾക്ക് മുകളിലേക്ക് വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മതിലിന്റെ ബലം ഉറപ്പാക്കാനുള്ള ‘ലിന്റൽ’ ജോലികൾ നടക്കുന്നതിനിടെയാണ് ഈ അപകടമുണ്ടായത്. തൊഴിലിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സൂപ്പർവൈസർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ലേബർ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.



