അൽ നസറിനെ കൈവിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി പ്രോ ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾക്ക് തുടക്കമിട്ടുകൊണ്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസർ മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത പരസ്യമാകുന്നു. കഴിഞ്ഞ ദിവസം നടന്ന അൽ റിയാദ് – അൽ നസർ മത്സരത്തിൽ പ്ലേയിങ് ഇലവനിലോ സബ്സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിലോ റൊണാൾഡോയുടെ പേര് ഇല്ലാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.പരിക്ക് പോലുള്ള ശാരീരിക പ്രശ്നങ്ങളില്ലാതിരുന്നിട്ടും താരം വിട്ടുനിന്നത് ക്ലബ്ബിനോടുള്ള പ്രതിഷേധ സൂചകമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദി പ്രോ ലീഗിലെ ക്ലബ്ബുകളുടെ നിയന്ത്രണമുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) നിലപാടുകളോടുള്ള വിയോജിപ്പാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.സൗദിയിലെ പ്രധാന ക്ലബ്ബുകളായ അൽ ഹിലാൽ, അൽ നസർ, അൽ അഹ്ലി, അൽ ഇത്തിഹാദ് എന്നിവയുടെ 75 ശതമാനം ഉടമസ്ഥാവകാശവും പി.ഐ.എഫിനാണ്. എന്നാൽ ട്രാൻസ്ഫർ വിൻഡോകളിൽ പി.ഐ.എഫ് തുല്യനീതി പാലിക്കുന്നില്ലെന്നും പ്രധാന എതിരാളികളായ അൽ ഹിലാലിന് കൂടുതൽ മുൻഗണന നൽകുന്നുവെന്നുമാണ് റൊണാൾഡോയുടെ പ്രധാന ആരോപണം.അൽ ഹിലാൽ കരീം ബെൻസിമയെയും പാബ്ലോ മാരിയെയും പോലുള്ള വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് കരുത്ത് വർദ്ധിപ്പിക്കുമ്പോൾ, അൽ നസർ ഇറാഖി താരം ഹയ്ദീർ അബ്ദുൾ കരീമിനെ മാത്രമാണ് സ്വന്തമാക്കിയത്. ലീഗ് കിരീടത്തിനായി കടുത്ത പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ ടീമിനെ ശക്തിപ്പെടുത്താത്ത മാനേജ്‌മെന്റ് നിലപാടിനെതിരെയാണ് താരം വിരൽ ചൂണ്ടുന്നത്.



