കയറിന് യുഎസ് വിപണിയിൽ പുത്തൻ ഉണർവ്

കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കയർ മേഖലയ്ക്ക് പുതുജീവൻ പകർന്നു കൊണ്ട് ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയിരുന്ന 50 ശതമാനം പ്രതികാര തീരുവ 18 ശതമാനത്തിലേക്ക് കുറച്ചതാണ് കേരളത്തിലെ കയർ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാകുന്നത്.കഴിഞ്ഞ വർഷം തീരുവ കുത്തനെ വർദ്ധിപ്പിച്ചതോടെ പ്രതിസന്ധിയിലായ ഈ മേഖല, പുതിയ കരാറോടെ വരും വർഷങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്. പത്ത് ലക്ഷത്തോളം തൊഴിലാളികൾ ഉപജീവനം കണ്ടെത്തുന്ന ഈ രംഗത്ത്, പുതിയ ഇളവുകൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ തന്നെ ഉത്തേജിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇന്ത്യയിൽ നിന്നുള്ള ആകെ കയർ കയറ്റുമതിയുടെ 40 ശതമാനവും അമേരിക്കൻ വിപണിയിലേക്കാണ് പോകുന്നത്. എന്നാൽ കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ തീരുവ 50 ശതമാനമായി ഉയർന്നതോടെ അമേരിക്കയിലേക്കുള്ള കയറ്റുമതി ഏകദേശം പൂർണ്ണമായും നിലച്ചിരുന്നു.ക്രിസ്മസ് വിപണി ലക്ഷ്യമിട്ടുള്ള വ്യാപാരത്തെ ഇത് സാരമായി ബാധിക്കുകയും ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 400 കോടി രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ കമ്പനികളോട് പ്രവർത്തനം ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലേക്ക് മാറ്റാൻ പോലും അമേരിക്കൻ വ്യാപാരികൾ നിർദ്ദേശിച്ചിരുന്നു.



