ട്രെയിനിന് നേരേ റഷ്യയുടെ ഡ്രോൺ ആക്രമണം; നിരവധി മരണം

കീവ്: യുക്രൈനിൽ ട്രെയിനിന് നേരേ റഷ്യയുടെ ഡ്രോൺ ആക്രമണം. 200-ലേറെ യാത്രക്കാർ സഞ്ചരിച്ച പാസഞ്ചർ ട്രെയിനിന് നേരേയാണ് റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഖാർകീവിലെ യാസികോവിന് സമീപത്താണ് സംഭവം.
ഡ്രോൺ ആക്രമണത്തെത്തുടർന്ന് ട്രെയിനിലെ കോച്ചിന് തീപിടിക്കുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സംഭവസ്ഥലത്തുനിന്ന് അഞ്ചുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. മരിച്ചവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, റഷ്യൻ ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി അപലപിച്ചു. ട്രെയിനിന് നേരേ റഷ്യ നടത്തിയ ഡ്രോൺ ആക്രമണം ഭീകരാക്രമണമാണെന്നും സാധാരണക്കാരെ കൊല്ലുന്നതിന് ന്യായീകരണമില്ലെന്നും ഈ ഭീകരതയ്ക്ക് റഷ്യ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.


