നിപാ ബാധിച്ച നേഴ്‌സ് കോമയില്‍; നൂറിലധികം പേര്‍ ക്വാറന്റൈനില്‍-രാജ്യം അതീവ ജാഗ്രതയില്‍

ബംഗാളില്‍ നിപാ ബാധിച്ച നേഴ്‌സ് കോമയില്‍; നൂറിലധികം പേര്‍ ക്വാറന്റൈനില്‍; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് തായ്ലന്‍ഡിലും നേപ്പാളിലും കര്‍ശന പരിശോധന; തായ്വാന്‍ അതീവ ജാഗ്രതയില്‍; കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം. ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ, വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കാലത്തേതിന് സമാനമായ രീതിയില്‍ സ്‌ക്രീനിങ് പുനരാരംഭിച്ചു. പശ്ചിമ ബംഗാളില്‍ അഞ്ച് പേര്‍ക്ക് നിപാ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ഏഷ്യയിലുടനീളം പകര്‍ച്ചാവ്യാധി ഭീഷണി ഉയര്‍ന്നത്. കോവിഡ് കാലത്തിന് സമാനമായ രീതിയില്‍ വിമാനത്താവളങ്ങളില്‍ സ്‌ക്രീനിംഗ് പുനരാരംഭിക്കാന്‍ പല രാജ്യങ്ങളും തീരുമാനിച്ചു കഴിഞ്ഞു.ബംഗാളിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന രണ്ട് നഴ്‌സുമാര്‍ക്ക് രോഗം ബാധിച്ചതിന് പിന്നാലെ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 110 പേര്‍ നിലവില്‍ ക്വാറന്റൈനിലാണ്.രോഗബാധിതയായ ഒരു നഴ്‌സ് നിലവില്‍ കോമ അവസ്ഥയിലാണ്. ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളുമായി എത്തിയ ഒരു രോഗിയെ ചികിത്സിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് അണുബാധയേറ്റതെന്ന് കരുതപ്പെടുന്നു. പരിശോധനാ ഫലം വരുന്നതിന് മുന്‍പേ ആ രോഗി മരണപ്പെട്ടിരുന്നു.ഇതിനോടുള്ള പ്രതികരണമായി, പശ്ചിമ ബംഗാളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്കായി തായ്ലന്‍ഡ് ആരോഗ്യ മന്ത്രാലയം പ്രധാന വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തി. യാത്രക്കാര്‍ക്ക് പനി, തലവേദന, തൊണ്ടവേദന, ഛര്‍ദ്ദി, പേശിവേദന തുടങ്ങിയ നിപാ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കുകയും, അസുഖം ബാധിച്ചാല്‍ എന്തുചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന ‘ഹെല്‍ത്ത് ബിവേര്‍’ (Health ‘beware’) കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്


