March 28, 2026

റീട്ടെയില്‍ രംഗത്തും ചുവടുറപ്പിക്കാൻ കുടുംബശ്രീവമ്പൻ പ്രഖ്യാപനവുമായി എം ബി രാജേഷ്

  • January 28, 2026
  • 1 min read

കെ-ഇനം ബ്രാൻഡില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക്, റീട്ടെയില്‍ രംഗത്തും ചുവടുറപ്പിക്കാൻ കുടുംബശ്രീ; വമ്പൻ പ്രഖ്യാപനവുമായി എം ബി രാജേഷ്

കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഊർജിതമാക്കുന്നതിനും അതുവഴി സംരംഭകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയില്‍ രംഗത്തേക്ക് കടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രാദേശിക തലത്തില്‍ നിലവിലുള്ള വിവിധ ഡിസ്ട്രിബ്യൂഷൻ ഏജൻസികള്‍ മുഖേന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ വിപണിയിലെത്തിക്കുന്നത്. ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷൻ ഏജൻസികളെ കണ്ടെത്തി അവരെ കുടുംബശ്രീ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. 900-ലേറെ സംരംഭകരും 227 ഡിസ്ട്രിബ്യൂട്ടർമാരും ഇതില്‍ പങ്കെടുത്തു. ഏജൻസികളും സംരംഭകരുമായി നേരിട്ട് സംവദിക്കുന്നതിനും ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വില, മാർജിൻ എന്നിവയില്‍ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്ക ഉല്‍പന്നങ്ങളും കുടുംബശ്രീ സംരംഭകർ ഉല്‍പാദിപ്പിക്കുന്നുണ്ട്. മികച്ച ഗുണമേൻമയുള്ള ഈ ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിന് കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന ശൃംഖലയായ ഹോംഷോപ്പ്, വിപണന മേളകള്‍, സരസ് മേളകള്‍, മാർക്കറ്റിംഗ് ഔട്ട് ലെറ്റ് കിയോസ്‌ക്, കുടുംബശ്രീയുടെ ഇ-കൊമേഴ്‌സ് ഓണ്‍ലൈൻ പ്‌ളാറ്റ്‌ഫോമായ പോക്കറ്റ്മാർട്ട് ആപ്‌ളിക്കേഷൻ എന്നിങ്ങനെ നിരവധിയായ വിപണന മാർഗ്ഗങ്ങള്‍ കുടുംബശ്രീയുടേതായിട്ടുണ്ട്. കൂടാതെ കുടുംബശ്രീ യൂണിറ്റുകളുടെ ഉല്‍പന്നങ്ങള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ ചെറുകിട കച്ചവടക്കാർ മുഖേനയും വിപണനം നടത്തുന്നുണ്ട്. വിപണിയിലെ മാറ്റങ്ങള്‍ക്കും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി ഉല്‍പാദന രംഗത്തും വിപണന രംഗത്തും കൂടുതല്‍ മെച്ചപ്പെട്ട പ്രവർത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കുന്നത്. കുടുംബശ്രീ ഏകികൃത ബ്രാൻഡില്‍ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകള്‍, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാർ മസാല, ചിക്കൻ മസാല, വെജ് മസാല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിപ്‌സ്, ശർക്കര വരട്ടി തുടങ്ങിയ ഉല്‍പന്നങ്ങളോടൊപ്പം ഓരോ ജില്ലയിലെയും സംരംഭകർ ഉല്‍പാദിപ്പിക്കുന്ന മികച്ച ഉല്‍പന്നങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഡിസ്ട്രിബ്യൂഷൻ ഏജൻസികള്‍ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. കൂടാതെ ‘കെ ഇനം’ എന്ന പുതിയ ബ്രാൻഡില്‍ ആഗോള വിപണിയിലെത്തിച്ച കുടുംബശ്രീയുടെ വിവിധ കാർഷിക ഭക്ഷ്യവിഭവങ്ങളും റീട്ടെയില്‍ വിപണനത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്തെ പ്രമുഖ കാർഷിക വ്യാവസായിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ഇൻഡ്യൻ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചർ റിസർച്ച്‌ (ഐ.സി.എ.ആർ), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയല്‍ റിസർച്ച്‌ (സി.എസ്.ഐ.ആർ), നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, കാർഷിക സർവകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും നേടിയ നിയമാനുസൃത ലൈസൻസുള്ള 184 ഭക്ഷ്യസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ‘കെ-ഇനം’ ബ്രാൻഡില്‍ മുപ്പതോളം ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണി തയ്യാറാക്കിയിട്ടുള്ളത്. സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങള്‍, പോഷകാഹാര കേന്ദ്രികൃത മിശ്രിതങ്ങള്‍. സംസ്‌ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍, ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. കുടുംബശ്രീ ടെക്‌നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഉല്‍പന്നങ്ങളാണിവയെന്ന് മന്ത്രി പറഞ്ഞു. ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ അംഗങ്ങളായ 5000-ലേറെ ഡിസ്ട്രിബ്യൂട്ടർമാരുടെ സഹകരണത്തോടെ ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം കേരളത്തിന്റെ റീട്ടെയില്‍ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാകാൻ കുടുംബശ്രീക്ക് കഴിയും. ഇതിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉപജീവന പ്രവർത്തനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കാനും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്‌ ദിനേശൻ, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ നവീൻ സി, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് എ മുജീബ് റഹ്‌മാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *